കാട്ടാക്കടയിലെ തോക്ക് ചൂണ്ടിക്കവർച്ച; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

0
61

തിരുവനന്തപുരം: കാട്ടാക്കടയിലെ തോക്ക് ചൂണ്ടിക്കവർച്ചയിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കളിയാകോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് തോക്കുചൂണ്ടി സ്വർണാഭരണങ്ങളും പണവും കവർന്നത്. പുലർച്ചെ ആറു മണിയോടെ രതീഷും ഭാര്യയും പള്ളിയിൽ പോയിരുന്നു. രതീഷിന്റെ ഭാര്യാമാതാവും രണ്ട് കുട്ടികളും മാത്രം വീട്ടിലുള്ളപ്പോഴാണ് കവർച്ച നടത്തിയത്.

രതീഷിന്റെ ഭാര്യാമാതാവിന് നേരെ തോക്കുചൂണ്ടിയ മോഷ്ടാവ് ആഭരണങ്ങൾ എടുത്ത് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. സംസാരശേഷിയില്ലാത്തതിനാൽ ഭാര്യാമാതാവിന് ബഹളം വെച്ച് ആളെക്കൂട്ടാൻ പോലും കഴിഞ്ഞില്ല. മോഷ്ടാവ് പോയതിന് ശേഷമാണ് ഈ വിവരം ഇവർ അയൽവാസികളെ അറിയിക്കുന്നത്.

കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആരാണ് മോഷ്ടാവെന്നും ഇയാൾക്ക് തോക്ക് എവിടെ നിന്ന് കിട്ടിയെന്നുമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.