പ്രായപൂർത്തിയാകാത്ത മകളെ അഞ്ച് വർഷം പീഡിപ്പിച്ചു; ഭ്രൂണം വിറ്റ് കാശാക്കി; അമ്മ ഉൾപ്പെടെ നാല് പേർ പിടിയിൽ

0
66

ചെന്നൈ : പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിന് ഇരയാക്കുകയും അവളുടെ ഭ്രൂണം വിൽക്കുകയും ചെയ്ത സംഭവത്തിൽ അമ്മ ഉൾപ്പെടെ നാല് പേർ പിടിയിൽ. തമിഴ്‌നാട് ഇറോഡിലാണ് സംഭവം. പതിനാറുകാരിയായ മകളെ അഞ്ച് വർഷമായി അമ്മയുടെ കാമുകൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രികളിലെത്തി മകളുടെ ഭ്രൂണം കൊടുക്കുകയാണ് ചെയ്തത്. വീട്ടിൽ നിന്നും ഒളിച്ചോടിയ പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തുവരുന്നത്.

സംഭവത്തിൽ 38 കാരിയായ അമ്മ, അവരുടെ കാമുകൻ, ഏജന്റായ മാലതി എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ ആധാർ കാർഡിൽ മാറ്റം വരുത്താൻ സഹായിച്ച 25 കാരനായ ജോൺ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന പെൺകുട്ടിയുടെ അമ്മ, കുട്ടിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. 12 ാം വയസ്സിൽ പെൺകുട്ടിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്തു. അമ്മയുടെ അറിവോടെയാണ് ഇത് ചെയ്തത്. പെൺകുട്ടിയുടെ ഗർഭപാത്രത്തിൽ ഭ്രൂണം ഉണ്ടാവാൻ വേണ്ടിയാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ഇത്തരത്തിൽ അഞ്ച് തവണയെങ്കിലും കുട്ടിയുടെ ഭ്രൂണം വിറ്റിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒരു തവണ ഭ്രൂണം വിൽക്കുന്നതിന് 20,000 ത്തോളം രൂപയാണ് ഇവർ ആശുപത്രികളിൽ നിന്നും കൈപ്പറ്റിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പുറത്തറിയാതിരിക്കാൻ ഇവർ ആധാർകാർഡ് തിരുത്തിയതായും കണ്ടെത്തി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. രണ്ട് സ്വകാര്യ ആശുപത്രികളിലാണ് ഭ്രൂണം വിറ്റിരിക്കുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.