ചൈനീസ് പൗരന്മാർക്ക് അനധികൃതമായി വിസ നൽകി; കാർത്തി ചിദംബരത്തിന്റെ അറസ്റ്റ് ഉടൻ

0
67

ഡൽഹി: ചൈനീസ് പൗരന്മാർക്ക് അനധികൃതമായി വിസ നൽകാൻ ഇടപെട്ടെന്ന കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിൻറെ അറസ്റ്റ് ഉടൻ. ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാകും അറസ്റ്റ്. കാർത്തി ചിദംബരത്തിൻറെ മുൻ‌കൂർ ജാമ്യം സിബിഐ കോടതി റദ്ദാക്കിയിരുന്നു.

2011ൽ എംപിയുടെ പിതാവ് പി.ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ 263 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിലാണ് അറസ്റ്റ്. വിഷയവുമായി ബന്ധപ്പെട്ട അഴിമതിയിൽ കാർത്തി ചിദംബരത്തിനെതിരെ ഇഡി അടുത്തിടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കാർത്തി ചിദംബരത്തെ കൂടാതെ ഭാസ്‌കര രാമൻ, വികാസ് മഖാരിയ എന്നിവരുൾപ്പടെ മറ്റ് നാല് പേരും കേസിൽ പ്രതികളാണ്.

പഞ്ചാബിലെ മാനസയിലെ താപ വൈദ്യുതി നിലയത്തിൻറെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ചൈനയിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകർക്ക് വിസ നൽകാനും നിലവിലുള്ളവർക്ക് വിസ നീട്ടാനും കരാർ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. എന്നാൽ ഇതിൽ തടസം നേരിട്ടതോടെ കാർത്തി ചിദംബരം വഴി ഇടപെടലിന് കമ്പനി നീക്കം നടത്തി. ഇതിനായി 50 ലക്ഷം രൂപ കാർത്തിക്ക് നൽകിയെന്നാണ് സിബിഐ പറയുന്നത്. ഒരു മാസത്തിനുള്ളിൽ 263 പേർക്ക് വിസയും ലഭിച്ചു.