17കാരിയെ ആഢംബര കാറിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്‌തു; രാഷ്ട്രീയ നേതാക്കളുടെ മക്കളും പ്രതികളാണെന്ന് ആരോപണം

0
59

ഡൽഹി: അഞ്ച് പേർ ചേർന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ആഢംബര കാറിൽ കയറ്റി ബലാത്സംഗം ചെയ്‌ത സംഭവത്തിൽ 18കാരനായ ഒരാൾ പിടിയിൽ. ഹൈദരാബാദിൽ ജൂബിലി ഹിൽസിലെ പബ്ബിന് മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 17 വയസുള്ള പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കൂട്ട ബലാത്സംഗത്തിനിരയായെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്ന സർക്കാർ കേന്ദ്രത്തിലാണ് പെൺകുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മെയ്‌ 31നാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരവും ഐപിസി 376 ഡി അനുസരിച്ചും കേസെടുത്തിരുന്നെന്ന് ഹൈദരാബാദ് പൊലീസ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജോയെൽ ഡെവിസ് ഇന്നലെ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തെലങ്കാനയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളാണ് കേസിലെ പ്രതികളെന്ന ആരോപണവുമായി ബിജെപി രം​ഗത്തെത്തി.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അഞ്ച് പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ഒരാളാണ് പിടിയിലായത്. അഞ്ച് പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തിയാവാത്തവരാണ്.

പ്രായപൂർത്തിയാകത്ത മറ്റൊരു പ്രതിയെ രാത്രി സമയമായതിനാൽ അറസ്‌റ്റ് ചെയ്യാൻ സാധിച്ചില്ലെന്നും മറ്റ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജോയെൽ ഡെവിസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി രാഷ്ട്രീയ നേതാവിൻറെ മകനാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ നിലവിൽ ലഭ്യമായ തെളിവിൻറെ അടിസ്ഥാനത്തിൽ എംഎൽഎയുടെ മകൻ പ്രതിസ്ഥാനത്ത് ഇല്ല എന്നും പൊലീസ് കമ്മിഷണർ പറഞ്ഞു. ടിആർഎസിൻറേയും എഐഎംഐഎമ്മിൻറേയും നേതാക്കളുടെ മക്കൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളത് കൊണ്ടാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.