തൃക്കാക്കരയില്‍ ഇന്ന് വിധിയെണ്ണും; ആര് വാഴുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം

0
66

കൊച്ചി: തൃക്കാക്കരയില്‍ ഇന്ന് ജനവിധി. ലീഡ് നിലയും ഫലവും ഏറ്റവുമാദ്യം ട്വന്റിഫോറിലൂടെ പ്രേക്ഷകരിലേക്കെത്തും.  ഇന്ന് രാവിലെ എട്ട് മണി മുതല്‍ മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുക. 8. 15ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 21 ടേബിളുകളില്‍ 12 റൗണ്ടുകളിലായി വോട്ടെണ്ണല്‍ നടക്കും. രാവിലെ 7.30ഓടെ സ്‌ട്രോങ് റൂം തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ വിജയപ്രതീക്ഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് മുന്നണികള്‍. മതന്യൂനപക്ഷങ്ങളുടെ വോട്ടുകളും ട്വന്റി 20 വോട്ടുകളുടെ ഒരു വിഹിതവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫെങ്കില്‍ ശക്തികേന്ദ്രങ്ങളില്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഡിഎഫും വിലയിരുത്തുന്നുണ്ട്. 240 ബൂത്തുകളിലാണ് തൃക്കാക്കരയില്‍ ജനം വിധിയെഴുതിയത്. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂം തുറന്ന് രാവിലെ എട്ട് മണിയോടെ വോട്ടിങ് മെഷീനുകള്‍ കൗണ്ടിങ് ടേബിളുകളിലെത്തും.

മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മണിക്കൂറുകളാണെങ്കിലും വിജയത്തില്‍ കുറഞ്ഞതൊന്നും എല്‍ഡിഎഫും യുഡിഎഫും പ്രതീക്ഷിക്കുന്നില്ല. ബൂത്തുകളില്‍ നിന്നുള്ള കണക്കിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞത് നാലായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. ശക്തി കേന്ദ്രങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞെങ്കിലും തങ്ങളുടെ വോട്ടുകള്‍ കൃത്യമായി ബൂത്തുകളിലെത്തിച്ചിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കളും പറയുന്നു. 7000ഏഴായിരത്തിനും 10,000ത്തിനും ഇടയിലാണ് യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം. എല്‍ഡിഎഫ്, യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കി വോട്ടുശതമാനം വര്‍ധിപ്പിക്കുമെന്ന് ബിജെപിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. പിന്നാലെ വോട്ടിങ് യന്ത്രങ്ങള്‍ തുറക്കും. ആദ്യറൗണ്ടില്‍ ഇടപ്പള്ളി മേഖലയിലെ വോട്ടുകളാണ് എണ്ണുന്നത്. ആകെയുള്ള 12 റൗണ്ടില്‍ 11 റൗണ്ടില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ 8 ബൂത്തും എണ്ണും.