പകലും രാത്രിയും വൈദ്യുതി നിർമിക്കാൻ പാനലുകൾ; പുതിയ കണ്ടെത്തലുമായി ഗവേഷകർ…

0
86

സൗരോർജ പാനലുകൾ ഉപയോഗിച്ച് ഊർജം ഉത്പാദിപ്പിക്കുന്നത് വളരെ പ്രചാരത്തിലുള്ള രീതിയാണ്. പകൽ ലഭിക്കുന്ന സൂര്യപ്രകാശം ഉപയോഗിച്ചാണ് സൗരോർജ പാനലുകൾ പ്രവർത്തിക്കുന്നത്. പകലും രാത്രിയും ഒരുപോലെ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഊര്‍ജ പാനലുകള്‍ കണ്ടുപിടിച്ചിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. എങ്ങനെയെന്നല്ലേ? പകല്‍ സൂര്യനില്‍ നിന്നാണെങ്കില്‍ രാത്രിയില്‍ ചൂടുമാറി തണുപ്പാകുമ്പോഴാണ് പാനലുകളില്‍ ഊര്‍ജം ഉത്‌പാദിക്കപ്പെടുന്നത് എന്നാണ് ഇതിന്റെ പ്രത്യേകത. ചില വസ്തുക്കൾക്ക് താപനില മാറുമ്പോൾ ഊർജ്ജം ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ചൂട് മാറി തണുപ്പാകുമ്പോൾ ഇവയിൽ ഊർജ ഉത്പാദനം നടക്കും. ആ കഴിവിനെ പ്രയോജനപ്പെടുത്തിയാണ് ഗവേഷകർ ഊർജം ഉത്പാദിപ്പിക്കുന്ന പാനലുകൾ നിർമ്മിക്കുന്നത്.

ഓസ്‌ട്രേലിയിൽ നിന്നുള്ള എഞ്ചിനിയർമാരാണ് ഇതിന് പിന്നിൽ. സൗരോര്‍ജ പാനലുകളുടെ പത്തിലൊന്ന് കാര്യക്ഷമത ഇത്തരം താപ വ്യതിയാന ഊര്‍ജ പാനലുകള്‍ക്ക് കൈവരിക്കാനാകുമെന്നാണ് സാങ്കേതികമായുള്ള വിശദീകരണം. ഈ കണ്ടുപിടുത്തം പ്രാവർത്തികമാക്കാനായാൽ വലിയൊരു മാറ്റത്തിനായിരിക്കും അത് കരണമാകുക. മെര്‍ക്കുറി കാഡ്മിയം ടെല്ലുറൈഡ് അഥവാ എംസിടി ഉപയോഗിച്ച് നിര്‍മിക്കുന്ന ഡയോഡുകളാണ് താപവ്യതിയാന ഊര്‍ജ പാനലുകളില്‍ ഉപയോഗിക്കുന്നത്. ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഇതിനകം തന്നെ ഇത്തരം ഡയോഡുകള്‍ ഉപയോഗിക്കുന്നുണ്ട്.

പകല്‍സമയത്ത് 20 ഡിഗ്രി വരെ ചൂടായ ഊര്‍ജ പാനലുകളില്‍ നിന്നും രാത്രിയില്‍ ചതുരശ്ര മീറ്ററില്‍ ഏതാണ്ട് 2.26 മില്ലിവാട്ട് ഊര്‍ജമാണ് നിര്‍മിക്കാൻ സാധിക്കുക. ശാസ്ത്രീയമായ ഈ കണ്ടെത്തലിന്റെ വളർച്ച ഭാവിയിൽ ഒരു മുതൽകൂട്ട് ആകുമെന്നാണ് കരുതുന്നത്. ഭാവിയില്‍ പല ഉപകരണങ്ങളിലും ബാറ്ററികള്‍ക്ക് പകരം ഇത്തരം താപവ്യതിയാന ഊര്‍ജ പാനലുകള്‍ ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞർ പങ്കുവെക്കുന്നു. എസിഎസ് ഫോട്ടോണിക്‌സിലാണ് ഈ പഠനത്തെ കുറിച്ച് പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.