‘ലോകത്തെ ഏറ്റവും മികച്ച എൻജിനീയർ’; ബിൻ ലാദന്റെ ചിത്രം ഓഫിസിൽ തൂക്കിയ ഉദ്യോ​ഗസ്ഥന് സസ്പെഷൻ

0
134

ഫറൂഖാബാദ് (യുപി): അൽ ഖ്വയ്ദ ഭീകരൻ ഒസമാ ബിൻ ലാദന്റെ ചിത്രം ഓഫിസിൽ തൂക്കിയ സർക്കാർ ജീവനക്കാരന് സസ്പെൻഷൻ. ലോകത്തെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയർ എന്ന അടിക്കുറിപ്പോടെയാണ് ലാദന്റെ ചിത്രം ഓഫിസിൽ പതിപ്പിച്ചത്. സർക്കാർ വൈദ്യുതി വിതരണ കമ്പനിയായ ദക്ഷിണാഞ്ചൽ വിദ്യുത് വിത്രൻ നിഗം ​​ലിമിറ്റഡിന്റെ (ഡിവിവിഎൻഎൽ) സബ് ഡിവിഷനൽ ഓഫീസർ (എസ്ഡിഒ) രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് സസ്പെൻഡ് ചെയ്തത്.

ബിൻ ലാദന്റെ ചിത്രത്തിന് താഴെ ‘ബഹുമാനപ്പെട്ട ഒസാമ ബിൻ ലാദൻ, ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയർ’ എന്ന് അടിക്കുറിപ്പും ഇയാൾ എഴുതിയിരുന്നു. ബിൻ ലാദന്റെ ചിത്രവും അടിക്കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായതോടെ മുതിർന്ന ജില്ലാ ഉദ്യോഗസ്ഥർ എസ്ഡിഒയെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. ബിൻ ലാദന്റെ ചിത്രവും ഓഫീസിൽ നിന്ന് നീക്കം ചെയ്തതായി അവർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ സിംഗ് നിർദേശം നൽകി. ആർക്കും ആരെയും ആരാധിക്കാമെന്ന് സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എൻജിനീയറായിരുന്നു ഒസാമ. ചിത്രം നീക്കം ചെയ്‌തു. പക്ഷേ അതിന്റെ നിരവധി പകർപ്പുകൾ എന്റെ പക്കലുണ്ട്- അദ്ദേഹം പറഞ്ഞു.