പൂപ്പാറ ബലാത്സംഗ കേസ്; അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത രണ്ടു പേർക്ക് ജാമ്യം

0
97

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത രണ്ടു പേർക്ക് ജാമ്യം ലഭിച്ചു. തൊടുപുഴ ജ്യൂവനൈൽ ജസ്റ്റീസ് ബോർഡാണ് ജാമ്യം നൽകിയത്. പെൺകുട്ടിയെ ആദ്യ വട്ട കൌൺസിലിംഗിനു ശേഷം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒരു തവണ കൂടി കൌൺസിലിംഗ് നൽകാനാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻറെ തീരുമാനം.

പൊലീസ് നടപടികൾക്കു ശേഷം രണ്ടുപേരെയും ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കും. ആവശ്യമെങ്കിൽ തൊടുപുഴയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് സ്ഥിരമായി മാറ്റും. പെൺകുട്ടിയെ മുമ്പ് പീഡിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. കേസിൽ രണ്ടു പേരെക്കൂടി കഴിഞ്ഞ ദിവസം ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടവരാണ് കസ്റ്റഡിയിലായത്. പൂപ്പാറ സ്വദേശികളാണ് ഇരുവരും പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ നാലുപേരെയും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പശ്ചിമബംഗാൾ സ്വദേശിയാണ് പെൺകുട്ടി. രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെൺകുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടർന്ന് ഇരുവരും എസ്റ്റേറ്റ് – പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ചു പേർ ഇവരുടെ അടുത്തെത്തിയത്. ഇവർ സുഹൃത്തിനെ മർദ്ദിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.