ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് വേണ്ടെന്ന് തുർക്കി

0
94

ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ ഉക്രൈനും റഷ്യയും യുദ്ധം (Russia-Ukraine conflict) ആരംഭിച്ചതോടെ ആഗോള വിപണിയിൽ ഗോതമ്പിന്റെ (Wheat) ലഭ്യത കുറഞ്ഞിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യയിലേക്കായിരുന്നു ലോക രാജ്യങ്ങളുടെ കണ്ണ്. എന്നാൽ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചു (wheat export ban). മെയ് 13 നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്.  പ്രതിസന്ധി രൂക്ഷമായതോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE),  ഈജിപ്ത്, ദക്ഷിണ കൊറിയ, ഒമാൻ, യെമൻ തുടങ്ങിയ പല രാജ്യങ്ങളും ഗോതമ്പിനായി ഇന്ത്യയോട് അഭ്യർത്ഥന നടത്തി. അന്താരാഷ്ട്ര ഉപഭോക്താക്കൾ ഗോതമ്പ് വിതരണം ഉറപ്പാക്കാൻ ശ്രമിക്കുന്ന സമയത്ത് ഇന്ത്യയിൽ നിന്നുള്ള ഗോതമ്പിനോട് അതിർത്തി കടക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് തുർക്കി. ഗോതമ്പ് ക്ഷാമം തുടരുന്ന ഈ സാഹചര്യത്തിലും ഇന്ത്യയിൽ നിന്നുള്ള ഗോതമ്പിന് അനുമതി നിഷേധിച്ചിരിക്കുന്നത്തിനുള്ള കാരണം ഗൗരവമേറിയതാണ്.
മെയ് അവസാനത്തോടെ ഗോതമ്പ് ചരക്കുമായി തുർക്കിയിലെത്തിയ കപ്പലിനെ മെയ് 29 ന് തുർക്കി അധികൃതർ തിരിച്ചയക്കുകയാണ് ഉണ്ടായത്. റൂബെല്ല (Rubella) രോഗത്തിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് തുർക്കി അധികൃതരുടെ ഈ നടപടി. 56,877 ടൺ  ഡുറം ഇനത്തിൽപ്പെടുന്ന ഗോതമ്പാണ് തുർക്കി തിരിച്ചയച്ചത്. തുർക്കിയിൽ നിന്നും ഗോതമ്പ് ചരക്ക് കയറ്റിയ കപ്പൽ ഗുജറാത്തിലെ കാൻഡ്‌ല തുറമുഖത്തേക്ക് മടങ്ങി. ജൂൺ പകുതിയോടെ കപ്പൽ കാണ്ട്‌ലയിലെത്തും. 
ഇതേസമയം ഇന്ത്യയിൽ നിന്നും ഈജിപ്തിലേക്കടക്കം പോകുന്ന ഗോതമ്പ് ചരക്കിനെ ആശങ്കയോടെയാണ് മറ്റ് രാജ്യങ്ങൾ കാണുന്നത്. ഗോതമ്പ് കയറ്റുമതിയുടെ ഭാവിയെക്കുറിച്ച് കച്ചവടക്കാർ ഉത്കണ്ഠാകുലരായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്. റൊട്ടി, ബിസ്‌കറ്റ് എന്നിവ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത് ഗോതമ്പാണ്. കൂടാതെ തുണിമില്ലുകളിലെ ആവശ്യത്തിനുള്ള സ്റ്റാര്‍ച്ച് ഉത്പാദിപ്പിക്കാന്‍ ഗോതമ്പ് വ്യാപകമായി ഉപയോഗിക്കുന്നു. മാത്രമല്ല, ഗോതമ്പുതവിട് പ്രധാന കാലിത്തീറ്റയാണ്.