രാജ്യത്ത് കാലവർഷം എത്തിയതിന് പിന്നാലെ പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം

0
117

ദില്ലി: രാജ്യത്ത് കാലവർഷം എത്തിയതിന് പിന്നാലെ പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടർ ജനറൽ അതുൽ കർവാലുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. 67 സംഘങ്ങളെ വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും. എല്ലാ സംസ്ഥാനങ്ങളുമായും തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടിക്കാഴ്ചയിൽ  NDRF ഡയറക്ടർ ജനറൽ അറിയിച്ചു. 14 സംഘങ്ങളെ നേരത്തെ വിന്യസിച്ചെന്നും അതുൽ കർവാൽ പറഞ്ഞു. 
നേരത്തെ പ്രവചിച്ചതിനും രണ്ട് ദിവസം മുന്നേ കേരളത്തിൽ കാലവർഷം എത്തിയതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. കർണാടക, ദില്ലി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. അസമിൽ കഴിഞ്ഞ മാസം ആദ്യം പെയ്ത ശക്തമായ മഴയിൽ 38 പേർ മരിച്ചിരുന്നു. ഒരു ലക്ഷത്തിലേറെ പേർ ക്യാമ്പുകളിലേക്ക് മാറി. പലർക്കും ഇനിയും വീടുകളിൽ തിരികെ എത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് ആഭ്യന്ത്ര മന്ത്രി ദുരന്തനിവാരണ വിഭാഗം ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്. 
കേരളത്തിൽ മഴ ഇതുവരെ ശക്തമായില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ഉണ്ട്. കോഴിക്കോട് ജില്ലയിൽ ഇന്നുച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിച്ചു. കോടഞ്ചേരി, ആനക്കാം പൊയിൽ മേഖലകളിൽ ഇടിയോട് കൂടിയ മഴയുണ്ടായി. അതേസമയം കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല.