മൂന്ന് കോടി രൂപയുടെ രക്തചന്ദന തടികൾ പിടികൂടി പോലീസ്; രാജ്യാന്തര കള്ളക്കടത്തുകേസ് പ്രതിയും അറസ്റ്റിൽ

0
58

അമരാവതി: വൻ രക്തചന്ദന വേട്ട നടത്തി ചിറ്റൂർ പോലീസ്. മൂന്ന് കോടി രൂപ വിലമതിക്കുന്ന 100 രക്തചന്ദന തടികളാണ് പോലീസ് പിടികൂടിയത്. ചന്ദന തടികൾ കടത്താൻ ഉപയോഗിച്ച നാല് വാഹനങ്ങളും പോലീസ് പിടികൂടി. ചൊവ്വാഴ്ചയായിരുന്നു അതിസാഹസികമായി ചിറ്റൂർ പോലീസ് ചന്ദനവേട്ട നടത്തിയത്.

അന്താരാഷ്‌ട്ര ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് തിരഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി പെരുമാൾ കേസിൽ പിടിയിലായിട്ടുണ്ട്. വേലു എന്ന പ്രതിയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാണ്. രണ്ട് ടൺ തൂക്കം വരുന്ന ചന്ദനതടികളാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നും കടത്താൻ ശ്രമിച്ചത്. തമിഴ്‌നാട്ടിലേക്ക് കടത്താനായിരുന്നു ശ്രമം. തിരുമല-തിരുപ്പതി വനമേഖലകളിലെ രക്തചന്ദനങ്ങളാണിതെന്ന് പോലീസ് അറിയിച്ചു.

പെരുമാളിനെതിരെ 15 കേസുകൾ നിലവിലുണ്ടെന്നും ഇയാൾക്കായി പോലീസ് ഏറെ നാളായി അന്വേഷണത്തിലായിരുന്നുവെന്നുമാണ് റിപ്പോർട്ട്. രാജ്യാന്തര തലത്തിൽ കുപ്രസിദ്ധനായ കുറ്റവാളിയാണ് പെരുമാളെന്നും ചിറ്റൂർ പോലീസ് പറയുന്നു. 2014 മുതലാണ് ഇയാൾ ചന്ദനതടികൾ കടത്താൻ ആരംഭിച്ചത്. പ്രതിക്കെതിരെ ഒരു കൊലപാതകക്കേസ് കൂടി നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.