നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണം; ഹർജിയിൽ ഇന്ന് വാദം

0
71

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം തേടിക്കൊണ്ട് സർക്കാർ നൽകിയ ഹർജിയിൽ ഇന്ന് വാദം. അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അനുവദിച്ചിരുന്ന സമയം 30 ന് അവസാനിച്ചിരുന്നു. എന്നാൽ ഫോണുകളിൽനിന്നും മറ്റും ലഭിച്ച വിവരങ്ങളുടെ പരിശോധന പൂർത്തിയായിട്ടില്ലെന്നും ശേഖരിച്ച തെളിവുകളിൽ കൂടുതൽ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്.

ക്വട്ടേഷൻ നൽകിയ പ്രകാരം നടിയെ തട്ടക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ തൊണ്ടിമുതലായ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അത് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുമായി ഒത്തുനോക്കാനാണ് സമയം ചോദിച്ചത്. പീഡന ദൃശ്യങ്ങൾ നേരിൽ കണ്ട് അതിലെ സംഭാഷണങ്ങളും സൂക്ഷ്മമായ വിശദാംശങ്ങളും എഴുതിയെടുത്തതു പോലുള്ള 4 പേജുകളാണ് അനൂപിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും കണ്ടെത്തിയത്. ഇതായിരിക്കും ഒത്ത് നോക്കുക.

പ്രതിഭാഗം വിചാരണക്കോടതിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്ന് ധ്വനിപ്പിക്കുന്ന സംഭാഷണം അടങ്ങിയ ശബ്ദരേഖയും പ്രോസിക്യൂഷൻ കോടതിയിൽ സർപ്പിച്ചിട്ടുണ്ട്. പ്രതിഭാഗത്തിന്റെ നീക്കങ്ങളെ തുടർന്നു വിചാരണക്കോടതി സ്വാധീനിക്കപ്പെട്ടുവെന്നു വിശ്വസിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വിശദീകരിക്കുന്നുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷൻ വാദം ഇന്നലെ പൂർത്തിയായിരുന്നു.