വിജയ്ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാൻ നീക്കം; ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്തു

0
66

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ്ബാബുവിന്റെ ബിസിനസ് പങ്കാളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സമീപകാലത്തു വിജയ്ബാബുവിന്റെ ബിസിനസുകളിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിയ ആളാണ് ഇതെന്നാണു സൂചന.

അറസ്റ്റ് ഒഴിവാക്കാൻ വിദേശത്തേക്കു കടന്ന വിജയ്ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണു ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്തത്. ഇന്നലെ നാട്ടിൽ മടങ്ങിയെത്തുമെന്നാണു വിജയ്ബാബു അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇന്നലത്തെ യാത്ര റദ്ദാക്കിയ പ്രതി നാളത്തെ തീയതിയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി വിവരമുണ്ട്.

ഇന്നു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം നാട്ടിലേക്കു മടങ്ങാനാണു വിജയ്ബാബു ശ്രമിക്കുന്നത്.അതിനിടെ, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി.ഗോപിനാഥ് ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നു വ്യക്തമാക്കി മാറ്റുകയായിരുന്നു. ഹർജി ഇന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിക്കും.