രാജ്യത്ത് മാസങ്ങളായി തുടരുന്ന സാമ്ബത്തിക മാന്ദ്യം നിമിത്തം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വന്‍തോതില്‍ പിരിച്ചുവിടൽ

0
89

ന്യൂഡല്‍ഹി: രാജ്യത്ത് മാസങ്ങളായി തുടരുന്ന സാമ്ബത്തിക മാന്ദ്യം നിമിത്തം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വന്‍തോതില്‍ പിരിച്ചുവിടല്‍.
കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ആറായിരം പേരെയാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പറഞ്ഞുവിട്ടത്. പ്രധാനപ്പെട്ട സ്റ്റാര്‍ട്ടപ്പ് കമ്ബനികളായ ഓല, അണ്‍അക്കാഡമി, വേദാന്തു എന്നീ മൂന്ന് കമ്ബനികളില്‍ മാത്രം 3600 പേരെയാണ് ഈ വര്‍ഷം പിരിച്ചുവിടുന്നത്. ഈ അവസ്ഥ അടുത്ത ഒന്ന് രണ്ട് വര്‍ഷത്തേക്ക് കൂടി തുടരാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ പറയുന്നു.

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് പ്രസംഗത്തില്‍ വലിയ നേട്ടമായി സ്റ്റാര്‍ട്ടപ്പുകളുടെ മുന്നേറ്റം ഉയര്‍ത്തിക്കാട്ടിയെങ്കിലും പൊതുവേ സംരംഭങ്ങളുടെ സ്ഥിതി ആശാവഹമല്ലെന്ന് സാമ്ബത്തിക വിദഗ്ദ്ധര്‍ പറയുന്നു. കോവിഡിന് പുറമെ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര തീരുമാനവും സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള പണമൊഴുക്കിന് തടസമായി.

100 ദശലക്ഷം ഡോളര്‍വരെ വരുമാനം നേടുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ഈ വര്‍ഷം ജനുവരി-ഏപ്രില്‍ മാസങ്ങളിലെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിന്റെ സമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എഡ്യൂക്കേഷന്‍ രം?ഗത്ത് പ്രവര്‍ത്തിക്കുന്ന അണ്‍അക്കാദമി, കാര്‍സ്24, വേദാന്തു തുടങ്ങിയവ ഈ വര്‍ഷം 5000ത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ ഒല 2,100 ജീവനക്കാരെ പിരിച്ചുവിട്ടു. അണ്‍അക്കാദമി പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം 600നു മുകളിലാണ്. കാര്‍സ്24 600, വേദാന്തു-400 എന്നിങ്ങനെയാണ് പിരിച്ചുവിട്ടവരുടെ കണക്ക്.

ജീവനക്കാരെ പിരിച്ചുവിടുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയിലേക്ക് ബംഗളുരു ആസ്ഥാനമായുള്ള ഫ്രണ്ട് റോയാണ് പുതുതായി എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച 30 ശതമാനം ജീവനക്കാരെയാണ് കമ്ബനി പിരിച്ചുവിട്ടത്. 145 പേര്‍ക്കാണ് നടപടിയിലൂടെ ജോലി നഷ്ടപ്പെട്ടത്. ഇകൊമേഴ്‌സ് സ്ഥാപനമായ മീഷോ 150ഉം ഫര്‍ണിച്ചറുകള്‍ വാടകയ്ക്കു നല്‍കുന്ന ഫര്‍ലെന്‍കോ 200 ജീവനക്കാരെയും പിരിച്ചുവിട്ടു. ട്രെല്‍ 300 ജീവനക്കാരെയും ഒകെ ക്രെഡിറ്റ് 40 പേരെയുമാണ് പിരിച്ചുവിട്ടത്.

സ്റ്റാര്‍ട്ടപ്പുകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ സ്വദേശി-വിദേശി ധനകാര്യ സ്ഥാപനങ്ങളും കമ്ബനികളും മടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് ഉണ്ടാക്കിയ മാന്ദ്യത്തില്‍ നിന്ന് ലോക സമ്ബദ് വ്യവസ്ഥ കരകയറിയിട്ടില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മിക്ക സ്റ്റാര്‍ട്ടപ്പ് കമ്ബനികളും അവരുടെ മുന്‍?ഗണനാ ക്രമങ്ങളില്‍ മാറ്റം വരുത്തുകയും പുതിയ ബിസിനസ്സ് സാധ്യതകള്‍ തേടുകയും ചെയ്യുന്നതും പിരിച്ചുവിടലിന് ഒരു പ്രധാന കാരണമാണ്. മിക്ക കമ്ബനികള്‍ക്കും മൂലധനം വര്‍ധിപ്പിക്കാന്‍ കഴിയുന്നില്ല. ഫണ്ടിന്റെ അപര്യാപ്ത മൂലം വികസന പ്രവര്‍ത്തനങ്ങളും പുതിയ മേഖലകളും കണ്ടെത്താനാവാതെ സ്റ്റാര്‍ട്ടപ്പുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.

ആരംഭഘട്ടത്തില്‍ നില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ഫണ്ടിങ്ങില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. യൂണികോണ്‍ പദവിയുള്ള സ്റ്റാര്‍ട്ടപ്പുകളും ഞെരുക്കം നേരിടുന്നുണ്ട്. ഡാറ്റ അനാലിസിസ് സ്ഥാപനമായ വെന്‍ച്വര്‍ ഇന്റലിജന്‍സിന്റെ രേഖകള്‍ പ്രകാരം 2022 ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ 7500 കോടി ഡോളറിന്റെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ 33 എണ്ണമാണ്. 2021ല്‍ ഇത് 11 ആയിരുന്നു. ഫണ്ടിങ് മന്ദഗതിയിലായതോടെ ലാഭം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.