മാമ്പഴം കഴിക്കുന്നത് വണ്ണം കുറയാന്‍ സഹായിക്കുമോ?

0
89

വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഏവര്‍ക്കും അറിയാം. ഇതിന് ശ്രമിച്ചിട്ടുള്ളവര്‍ക്ക് തീര്‍ച്ചയായും ഇതിന്‍റെ ബുദ്ധിമുട്ടുകളെ കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കും. വര്‍ക്കൗട്ട്- ഡയറ്റ് എന്നിങ്ങനെ പല രീതികളും ഒരുപോലെ അവലംബിച്ചാല്‍ മാത്രമേ ശരിയാംവിധം വണ്ണം കുറയ്ക്കാൻ സാധിക്കൂ. ഇക്കാര്യത്തില്‍ ഡയറ്റിന് വലിയ പങ്ക് തന്നെയാണുള്ളതെന്ന് നമുക്കറിയാം. ഓരോരുത്തരുടെയും ശാരീരിക സവിശേഷത അനുസരിച്ചും ആരോഗ്യാവസ്ഥ (അസുഖങ്ങള്‍/ആരോഗ്യപ്രശ്നങ്ങള്‍) അനുസരിച്ചുമാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത്. എന്തുതന്നെ ആയാലും ഡയറ്റിന് വലിയ പ്രാധാന്യമുണ്ടെന്നതില്‍ തിരുത്തില്ല. ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടിയും ചിലത് ഡയറ്റില്‍ കൂട്ടിച്ചേര്‍ക്കേണ്ടിയും വരാം. ഇതുമായി ചേര്‍ത്തുപറയാവുന്നൊരു വിഷയമാണിനി സൂചിപ്പിക്കുന്നത്.

ഇത് മാമ്പഴക്കാലമാണെന്ന് ഏവര്‍ക്കും അറിയാം. വീട്ടില്‍ തന്നെ മാമ്പഴമുള്ളവര്‍ അങ്ങനെയും അല്ലാത്തവര്‍ കടകളില്‍ നിന്ന് വാങ്ങിയുമെല്ലാം മാമ്പഴം കഴിക്കുന്നു. മാമ്പഴമാണെങ്കില്‍ ഇഷ്ടമില്ലാത്തവര്‍ അപൂര്‍വവുമാണ്. എന്നാല്‍ വണ്ണമുള്ളവര്‍ മാമ്പഴം കഴിക്കുമ്പോള്‍ അത് പലരും വിലക്കാറുണ്ട്. മാമ്പഴം വണ്ണം കൂട്ടുമെന്ന വാദമാണ് ഇതിന് പിന്നില്‍. എന്നാല്‍ മിതമായ അളവില്‍ മാമ്പഴം കഴിക്കുകയാണെങ്കില്‍ അത് വണ്ണം കൂട്ടുകയില്ല എന്നാണ് നിങ്ങളറിയേണ്ടത്. എന്ന് മാത്രമല്ല, മിതമായ അളവിലാണെങ്കില്‍ മാമ്പഴം വണ്ണം കുറയ്ക്കാന്‍ പോലും സഹായിക്കും.

പ്രമുഖ ഡയറ്റീഷ്യന്‍ ശിഖ കുമാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു കുറിപ്പ് നോക്കൂ. മാമ്പഴം എത്തരത്തിലാണ് വണ്ണം കുറയ്ക്കുന്നതിനും മറ്റും സഹായിക്കുന്നത് എന്നാണ് കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ളത്. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ‘ബയോ ആക്ടീവ് കോമ്പൗണ്ടുകള്‍’, ‘ഫൈറ്റോകെമിക്കലുകള്‍’ എന്നിവ കൊഴുപ്പ് അടങ്ങിയ കോശങ്ങളെ അടിച്ചമര്‍ത്തുമത്രേ. ഇനിയും കൊഴുപ്പ് അടിയാതിരിക്കാന്‍ ഇത് സഹായിക്കും. ഇതുവഴി വണ്ണം നിയന്ത്രിക്കാന്‍ മാമ്പഴം സഹായിക്കുന്നുവെന്നാണ് ശിഖ കുമാരി പറയുന്നത്. മാമ്പഴം ഷുഗറിന് ഇടയാക്കുമോ എന്നതാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരാശങ്ക. മാമ്പഴത്തിന്‍റെ ഗ്ലൈസമിക് സൂചിക ശരാശരി 50 ആണ്. ഇത് അത്ര പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ഇവര്‍ പറയുന്നു. പക്ഷേ മിതമായ അളവിലായിരിക്കണം കഴിക്കുന്നത് എന്ന് മാത്രം. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി, വൈറ്റമിന്‍- എ എന്നി കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. കൂടാതെ ഇതിലുള്ള ഫോളേറ്റ്, വൈറ്റമിന്‍-കെ, വൈറ്റമിന്‍-ഇ, പലവിധത്തിലുള്ള ബി വൈറ്റമിനുകള്‍ എല്ലാം ശരീരത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് വളരെയധികം ഉപകരിക്കുന്നതാണ്.