Sunday
11 January 2026
24.8 C
Kerala
HomeIndiaലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി ഇന്ത്യ

ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി ഇന്ത്യ

ദില്ലി: ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി ഇന്ത്യ. 2021 – 22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം ജിഡിപി വളർച്ച കൈവരിച്ചതോടെയാണ് ഇത്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ചൈനയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം മാത്രമാണ് ജിഡിപി വളർച്ച നേടാനായത്.
ബ്രിട്ടനാണ് സാമ്പത്തിക വളർച്ചയിൽ മൂന്നാമത്, 7.4 ശതമാനം. ഫ്രാൻസ് ഏഴ് ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തി നാലാമതെത്തി. അമേരിക്ക 5.7 ശതമാനം ജിഡിപി വളർച്ചയുമായി അഞ്ചാമതാണ്. ജർമ്മനി (2.8 ശതമാനം), ജപ്പാൻ (1.6 ശതമാനം) എന്നിവരാണ് പിന്നിലുള്ളത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 4.1 ശതമാനമാണ്. ഇന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ  5.4 ശതമാനമായിരുന്നു വളർച്ച. രണ്ടാം പാദത്തിൽ 8.5 ശതമാനവും ഒന്നാം പാദത്തിൽ 20.3 ശതമാനവുമായിരുന്നു ജിഡിപി വളർച്ച.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.9 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിച്ചതെങ്കിലും നാലാം പാദവാർഷികത്തിലെ വളർച്ച താഴേക്ക് പോയത് തിരിച്ചടിയായി. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. കൊവിഡിന്റെ തിരിച്ചടിയിൽ നിന്ന് പതിയ കരകയറുകയായിരുന്ന രാജ്യത്തിന് 2022 ലെ ആദ്യ മൂന്ന് മാസങ്ങളും വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ജനുവരിയിൽ ഒമിക്രോൺ കേസുകളിലെ വർധനവ് ചില കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളെ നിർബന്ധിതരാക്കി. 
ഫെബ്രുവരിയിൽ റഷ്യയുടെ യുക്രൈനെതിരായ സൈനിക നീക്കങ്ങൾ ആഗോള തലത്തിൽ സൃഷ്ടിച്ച പ്രതിസന്ധി ഇന്ത്യയെയും ബാധിച്ചു. ഇതിനോടനുബന്ധിച്ച് മാർച്ചിൽ വിലക്കയറ്റം വന്നതോടെ പ്രതീക്ഷിച്ച നിലയിൽ വളർച്ചാ നിരക്കിൽ കരുത്ത് കാട്ടാൻ ഇന്ത്യക്ക് കഴിയാതെ പോയി. നാലാം പാദത്തിൽ കാർഷിക മേഖല 4.1 ശതമാനം വളർച്ച നേടി. മാനുഫാക്ചറിങ് രംഗത്ത് 0.2 ശതമാനം മാത്രമായിരുന്നു മുന്നേറ്റം.

RELATED ARTICLES

Most Popular

Recent Comments