‘കൊവിഡ് ഹൃദയത്തെ ബാധിക്കുന്നു’; പുതിയ പഠനം

0
87

കൊവിഡ് 19രോഗവുമായുള്ള നിരന്തര പോരാട്ടത്തിലാണ് നാമിപ്പോഴും. ആദ്യഘട്ടത്തില്‍ ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന രോഗമാണെന്ന രീതിയിലാണിതിനെ കണക്കാക്കിയിരുന്നത്. എന്നാല്‍ പിന്നീട് പല അവയവങ്ങളെയും കൊവിഡ് വൈറസ് കടന്നാക്രമിക്കുമെന്ന് നാം കണ്ടു. ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. അതിലുമധികം പഠനങ്ങള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തിലൊരു പഠനത്തിന്‍റെ ശ്രദ്ധേയമായ കണ്ടെത്തലാണിനി പങ്കുവയ്ക്കുന്നത്. സ്കോട്ട്ലന്‍ഡില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. കൊവിഡ് ഗുരുതരമായി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന രോഗികളെയാണ് ഇവര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്.

എല്ലാ രോഗികളും തന്നെ ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നവരായിരുന്നു. ഇത്തരത്തില്‍ കൊവിഡ് കാര്യമായി ബാധിക്കപ്പെട്ടാല്‍ അത് ഹൃദയത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍. സാരമല്ലാത്ത നിലയില്‍ കൊവിഡ് ബാധിക്കപ്പെട്ടവരില്‍ ഈ രീതിയില്‍ ഹൃദയം വെല്ലുവിളി നേരിടുന്നുവോ എന്ന കാര്യം പഠനം പ്രതിപാദിച്ചിട്ടില്ല. ശ്വാസകോശങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന, ഹൃദയത്തിന്‍റെ വലതുഭാഗം ആണത്രേ കൊവിഡുമായി അനുബന്ധിച്ച് പ്രശ്നത്തിലാകുന്നത്. മിക്ക കേസുകളിലും ഇത് രോഗിയെ മരണത്തിലേക്ക് നയിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പഠനത്തിനായി തെരഞ്ഞെടുത്തവരില്‍ തന്നെ ഏതാണ്ട് പകുതിയോളം പേരും പിന്നീട് മരണത്തിന് കീഴടങ്ങി. ‘ചില കേസുകളില്‍ കൊവിഡിന് ശേഷം ഹൃദയമിടിപ്പ് കുത്തനെ കുറയുന്നത് കാണാം.

പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്താനും സാധിക്കില്ല. ചിലരില്‍ ശ്വാസതടസമോ നെഞ്ചുവേദനയോ കാണാം. ഇത് കൊവിഡ് ഗുരുതരമായി ബാധിക്കപ്പെട്ടവരില്‍ മാത്രമാണ് കാണപ്പെടുന്നത്. അല്ലാത്തവരില്‍ അപൂര്‍വമായി മാത്രം കാണാം ‘- യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നു. ടൈപ്പ്-2 വിഭാഗത്തില്‍ പെടുന്ന ഹൃദയാഘാതമാണ് ഇത്തരത്തില്‍ കൂടുതല്‍ പേരുടെയും ജീവന്‍ കവര്‍ന്നതെന്നും ഇവര്‍ പറയുന്നു. ‘ഹൃദയം ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നു. എന്നാല്‍ ഇത് സ്വീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരിക്കും ശ്വാസകോശം. ഈ പ്രശ്നങ്ങളൊന്നും പെട്ടെന്ന് പരിശോധനകളിലൂടെ കണ്ടെത്താന്‍ സാധിക്കില്ല. അവിടെയാണ് ‍ഞങ്ങളുടെ പഠനം പ്രാധാന്യമുള്ളതാകുന്നത്..’- പഠനത്തിന് നേതൃത്വം നല്‍കിയ ഫിലിപ് മെക് കോള്‍ പറയുന്നു.