വീണ്ടും ബംഗാളില്‍ മോഡലിന്‍റെ ആത്മഹത്യ

0
80

കൊല്‍ക്കത്ത: വീണ്ടും ബംഗാളില്‍ മോഡലിന്‍റെ ആത്മഹത്യ (Model Suicide). കൊല്‍ക്കത്തയില്‍ സരസ്വതി ദാസ് എന്ന പതിനെട്ടുകാരിയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. കൊല്‍ക്കത്തയിലെ (Kolkata) കസ്ബ ബെഡിയാഡങ്കയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മേയ്ക്കപ്പ് ആര്‍ടിസ്റ്റും, മോഡലുമായ ഇവര്‍. തൂങ്ങി മരണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ കൊല്‍ക്കത്തയില്‍ ജീവനൊടുക്കുന്ന നാലാമത്തെ മോഡലാണ് സരസ്വതി. 
ദുപ്പട്ടയിലാണ് സരസ്വതി തൂങ്ങി മരിച്ചത്. പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ആത്മഹത്യയാണ് പ്രഥമിക വിലയിരുത്തലെന്നും, മറ്റ് സാധ്യതകളും വിശദമായി അന്വേഷിക്കുമെന്ന് കൊല്‍ക്കത്ത പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു. മോഡലിംഗ് രംഗത്ത് ഉയര്‍ന്നുവരുന്ന താരമായിരുന്നു സരസ്വതി. 

മുത്തശ്ശിയാണ് സരസ്വതി ആദ്യമായി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായി മോഡലുകള്‍ മരണപ്പെടുന്നതും ഇതുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സരസ്വതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇത് വിശദമായ ഫോറന്‍സിക് പരിശോധന നടത്തും. ഒപ്പം ഇവരുടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. 
പിതാവ് ഉപേക്ഷിച്ച് പോയ സരസ്വതിയെ അമ്മയും അമ്മായിയും ചേര്‍ന്നാണ് വളര്‍ത്തിയത്. ഇതിന് മുന്‍പുള്ള രണ്ട് ആഴ്ചകളില്‍ മറ്റ് മൂന്ന് മോഡലുകളാണ് മരിച്ചത്. മെയ് 15ന് പല്ലവി ഡേ കൊല്‍ക്കത്തയിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. അതിന് പിന്നാലെ മെയ് 25ന് ബിദിഷ മജുംദാര്‍ നഗേര്‍ ബസാറിലെ ഫ്ലാറ്റില്‍ തുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. ഈ വെള്ളിയാഴ്ചയാണ് മഞ്ജുഷ നിയോഗി എന്ന മോഡല്‍ പട്ടുലയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
മോഡലുകളുടെ അടുപ്പിച്ചുള്ള ആത്മഹത്യ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നുണ്ട്. പൊലീസ് ശക്തമായ അന്വേഷണം നടത്തണമെന്നാണ് ഉയരുന്ന ആവശ്യം. ഈ ആത്മഹത്യകള്‍ക്ക് പിന്നില്‍ പൊതുവായ കാരണങ്ങള്‍ ഒന്നും പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും ശക്തമായ അന്വേഷണം നടത്തുമെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.