മുംബൈ: കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കടുത്ത അതൃപ്തി രേഖപ്പെടുത്തി മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും നടിയുമായ നഗ്മ. കോൺഗ്രസിൽ ചേർന്നപ്പോൾ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നിട്ടിപ്പോൾ തനിക്കെന്തുകൊണ്ടാണ് അർഹതയില്ലാത്തതെന്നും നഗ്മ പ്രതികരിച്ചു.
മഹാരാഷ്‌ട്രയിലെ എംപി സ്ഥാനത്തേക്ക് ഉത്തർപ്രദേശിലെ ഇമ്രാൻ പ്രാപ്തഗിരിയെ തിരഞ്ഞെടുത്തതോടെ 18 വർഷത്തെ തന്റെ തപസ്യയാണ് ഇല്ലാതായതെന്ന് നഗ്മ പറഞ്ഞു. ജൂൺ പത്തിന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. പത്ത് പേരുടെ പട്ടികയിൽ നിന്നും നഗ്മയെ ഒഴിവാക്കിയിരുന്നു. ജമ്മുകശ്മീർ, ലഡാക്ക്, പുതുച്ചേരി എന്നിവിടങ്ങളിൽ ചുമതലയുള്ള മഹിളാ കോൺഗ്രസ് സെക്രട്ടറിയാണ് നഗ്മ.
മുംബൈയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് അവർ. 2004-ലാണ് കോൺഗ്രസിൽ ചേർന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിശദാശങ്ങൾ കോൺഗ്രസ് വക്താവ് ട്വിറ്ററിൽ പങ്കുവെച്ചതിന പിന്നാലെയായിരുന്നു നഗ്മയുടെ പ്രതികരണം.
അതേസമയം രാജ്യസഭാ സ്ഥാനാർത്ഥികളെ നിർണയിച്ചതിൽ കടുത്ത പ്രതിഷേധമാണ് രാജസ്ഥാൻ ഘടകവും രേഖപ്പെടുത്തുന്നത്. പുറത്തുനിന്ന് നേതാക്കളെ പരിഗണിച്ചത് പുനപരിശോധിക്കണമെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നും രാജസ്ഥാൻ ഘടകം അഭിപ്രായപ്പെട്ടു.
ജൂൺ 10നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.