ഇന്ത്യയില്‍ കാര്‍ നിര്‍മ്മിക്കില്ലെന്ന് എലോൻ മസ്‌ക്

0
70

ഇന്ത്യയിൽ വാഹനങ്ങൾ വിൽക്കാൻ ഇറക്കുമതി തീരുവ കുറയ്ക്കാൻ ശ്രമിക്കുന്ന അമേരിക്കൻ ഇലക്‌ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല. ഇപ്പോഴിതാ രാജ്യത്ത് തങ്ങളുടെ കാറുകൾ വിൽക്കാനും സർവീസ് നടത്താനും ആദ്യം അനുമതി നൽകിയില്ലെങ്കിൽ പ്രാദേശികമായി ഉൽപ്പന്നങ്ങൾ നിർമ്മിക്കില്ലെന്ന് കമ്പനി സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ എലോൺ മസ്‌ക് പറഞ്ഞതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിര്‍മാണശാല തുടങ്ങാന്‍ പദ്ധതിയുണ്ടോ എന്ന് ട്വിറ്ററില്‍ ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് മസ്‌കിന്റെ പ്രതികരണം എന്നും വില്‍ക്കാനും സര്‍വീസ് ചെയ്യാനും അനുവദിക്കാത്ത ഒരിടത്തും ടെസ്ല നിര്‍മാണശാല തുടങ്ങില്ലെന്നും മസ്‌ക് വ്യക്തമാക്കിയതായും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

“കാറുകൾ വിൽക്കാനും സർവീസ് നടത്താനും ഞങ്ങൾക്ക് ആദ്യം അനുവാദമില്ലാത്ത ഒരു സ്ഥലത്തും ടെസ്‌ല ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കില്ല..” മസ്‍ക് വ്യക്തമാക്കുന്നു.
ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറാണെങ്കിൽ പ്രശ്‌നമൊന്നുമില്ലെന്നും എന്നാൽ കമ്പനി ചൈനയിൽ നിന്ന് കാറുകൾ ഇറക്കുമതി ചെയ്യരുതെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്ത് ഇറക്കുമതി ചെയ്ത വാഹനങ്ങൾ വിജയിച്ചാൽ ഇന്ത്യയിൽ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്നാണ് ടെസ്‍ല പറയുന്നത്.

സ്റ്റാര്‍ലിങ് സേവനം ലഭ്യമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മസ്‌ക് മറ്റൊരു സന്ദേശത്തില്‍ അറിയിച്ചു. ചൈനയില്‍ ഉത്പാദിപ്പിച്ച കാര്‍ ഇന്ത്യയില്‍ വില്‍ക്കാനാണ് മസ്‌ക് ആവശ്യമുന്നയിക്കുന്നത്. അത് ഇന്ത്യയ്ക്കു മുന്നിലുള്ള നല്ല നിര്‍ദേശമല്ലെന്നാണഅ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി വ്യക്തമാക്കിയത്.
ഇന്ത്യയില്‍ നിര്‍മാണശാല തുറക്കാന്‍ മസ്‌കിനോട് അഭ്യര്‍ഥിക്കുന്നു. അതിന് ഒരു പ്രശ്‌നവുമില്ല. ആവശ്യമായ വെന്‍ഡര്‍മാരും സാങ്കേതികവിദ്യയും ഇവിടെ ലഭിക്കും. അതുവഴി ചെലവു കുറയ്ക്കാന്‍ മസ്‌കിനു കഴിയും. ഇന്ത്യന്‍ വിപണിക്കൊപ്പം കാറുകള്‍ കയറ്റിയയക്കാന്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍, ഇപ്പോഴും ഇറക്കുമതി ചെയ്ത കാറിലൂടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കണമെന്ന നിലപാടിലാണ് മസ്‌ക്. ടെസ്‌ല തങ്ങളുടെ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മസ്‍ക് എന്നാൽ ഇറക്കുമതി തീരുവ ലോകത്തിലെ ഏറ്റവും കൂടിയാ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യെന്നും മസ്‍ക് നേരത്തെ പറഞ്ഞിരുന്നു.  നിലവിൽ, 40,000 ഡോളറിൽ കൂടുതലുള്ള CIF (കോസ്റ്റ്, ഇൻഷുറൻസ്, ചരക്ക്) മൂല്യമുള്ള പൂർണ്ണമായും ഇറക്കുമതി ചെയ്‍ത കാറുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവയും തുകയിൽ താഴെയുള്ളവയ്ക്ക് 60 ശതമാനവും ഇന്ത്യ ചുമത്തുന്നു.