പുനർവിവാഹത്തിന് 4-വയസുള്ള മകൻ തടസമാകുമെന്ന് കരുതി ചുമരിലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; നിർണായകമായത് 8 വയസുകാരി മകളുടെ മൊഴി

0
72

മുംബൈ: നാല് വയസുകാരനെ ചുമരിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ശിക്ഷാവിധിയിൽ നിർണായകമായത് മരിച്ച കുട്ടിയുടെ സഹോദരി നൽകിയ സാക്ഷിമൊഴിയാണെന്ന് കോടതി വ്യക്തമാക്കി. എട്ട് വയസുകാരിയുടെ മൊഴിയാണ് അത്യധികം ക്രൂരമായ കൊലപാതകക്കേസിലെ വിധിയിൽ നിർണായകമായത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികളുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. 2014-ലായിരുന്നു ഇവർ ബന്ധം പിരിഞ്ഞത്. ഒരു വർഷം പിന്നിട്ടപ്പോൾ കുട്ടികളുടെ അമ്മ 35-കാരനായ തഹർ പത്താനുമായി അടുപ്പത്തിലായി.

നാലുവയസുകാരനായ മകൻ വിവാഹത്തിന് തടസമാകുമെന്ന് കരുതിയ തഹർ പത്താൻ കുട്ടിയുടെ കാലുവാരി ചുമരിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വിവരം മറച്ചുവെക്കുന്നതിനായി സംഭവസ്ഥലത്തെ രക്തക്കറകൾ പ്രതി തുടച്ചുമാറ്റി. പ്രതിയുടെ ക്രൂരകൃത്യത്തിൽ കുട്ടിയുടെ തലയ്‌ക്കും നെഞ്ചിനും മറ്റ് ശരീര ഭാഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയുടെ അമ്മ വീട്ടിൽ നിന്നും പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. പ്രതിയായ തഹർ പത്താൻ പെട്ടെന്ന് വീട്ടിലേക്ക് കയറിവരികയും അനുജനെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും സഹോദരി മൊഴി നൽകി.

കാലിൽ പിടിച്ചാണ് ചുമരിലെറിഞ്ഞതെന്നും തലയിടിച്ച് അനുജന്റെ വായിൽ നിന്നും മറ്റും രക്തം ഒഴുകിയതായും പെൺകുട്ടി കോടതിയിൽ വെളിപ്പെടുത്തി. ഇതുകണ്ട് വീട്ടിൽ നിന്ന് ഓടിപോയ പെൺകുട്ടി അമ്മയെ വിളിച്ചുകൊണ്ടുവരികയായിരുന്നു. ഇരുവരുമെത്തിയപ്പോൾ പ്രതിയുടെ തോളിൽ നാലുവയസുകാരൻ മരിച്ച് കിടക്കുകയായിരുന്നുവെന്നും അമ്മ കോടതിയെ അറിയിച്ചു.