“ആ തുകയ്ക്ക് നല്ലൊരു വീട് പണിയും”; വീട്ടമ്മയ്ക്ക് ഖനനത്തിൽ ലഭിച്ചത് 10 ലക്ഷം വിലമതിക്കുന്ന വജ്രം

0
78

മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഒരു ആഴം കുറഞ്ഞ ഖനിയിൽ നിന്ന് വജ്രം കണ്ടെത്തി. 2.08 കാരറ്റ് മതിക്കുന്ന വജ്രം കിട്ടിയത് ഗ്രാമത്തിലെ ഒരു വീട്ടമ്മയ്‌ക്കാണ്. കിട്ടിയ വജ്രം നല്ല ഗുണനിലവാരമുള്ളതാണെന്നും ലേലത്തിൽ 10 ലക്ഷം രൂപ വരെ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ചമേലി ബായ് എന്ന വീട്ടമ്മയാണ് വജ്രം കണ്ടെത്തിയത്. കർഷകനായ ഭർത്താവുമൊത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്നാണ് വജ്രം കണ്ടെത്തിയത്. അടുത്ത് തന്നെ സർക്കാർ നടപടിക്രമങ്ങൾ പാലിച്ച് ലേലത്തിൽ വജ്രം വിൽപ്പനയ്ക്ക് വയ്ക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഡയമണ്ട് ലേലത്തിൽ നിന്ന് നല്ല വില ലഭിച്ചാൽ നഗരത്തിൽ തന്നെ ഒരു വീട് വാങ്ങണമെന്നാണ് ഇരുവരുടെയും ആഗ്രഹം. ഗ്രാമത്തിൽ താമസിക്കുന്ന ചമേലി ബായി എന്ന വീട്ടമ്മ അടുത്തിടെ ജില്ലയിലെ കൃഷ്ണ കല്യാൺപൂർ പതി പ്രദേശത്ത് പാട്ടത്തിനെടുത്ത ഖനിയിൽ നിന്ന് 2.08 കാരറ്റ് വജ്രം കണ്ടെത്തിയതായി പന്നയുടെ ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ അനുപം സിംങ്ങും വെളിപ്പെടുത്തി.

ലേലത്തിന് ശേഷം സർക്കാർ നികുതിയും റോയൽറ്റിയും എടുത്തതിന് ശേഷമുള്ള തുക വീട്ടമ്മയ്ക്ക് കൈമാറും. ഈ വർഷം മാർച്ചിലാണ് പാട്ടത്തിനെടുത്ത ഭൂമിയിൽ വജ്ര ഖനനം നടത്താൻ വീട്ടമ്മയും ഭർത്താവ് അരവിന്ദ് സിങ്ങും തീരുമാനിച്ചത്. ഏകദേശം 12 ലക്ഷം കാരറ്റ് വജ്ര നിക്ഷേപമുള്ള ജില്ലയാണ് പന്ന. ചൊവ്വാഴ്ചയാണ് യുവതി ഈ വിലയേറിയ ഡയമണ്ട് ഓഫീസിൽ എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വരാനിരിക്കുന്ന ലേലത്തിൽ വജ്രം വിൽപ്പനയ്ക്ക് വയ്ക്കുമെന്നും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി വില നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.