തെളിവുകൾ ഇനിയും ബാക്കി; സമയം വേണം; നടിയെ ആക്രമിച്ച കേസിൽ സമയം നീട്ടി നൽകണമെന്ന ആവശ്യമായി ക്രൈംബ്രാഞ്ച്

0
58

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം വീണ്ടും നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. ഈ മാസം 30 ന് തുടരന്വേഷണത്തിന് നൽകിയ സമയം അവസാനിപ്പിക്കും. ഈ സാഹചര്യത്തിലാണ് സമയം നീട്ടി നൽകാനുള്ള തീരുമാനം.

മൂന്ന് മാസം കൂടി സമയം നീട്ടി നൽകണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. കേസിൽ ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ട്. ഇതിനായി കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ മാസം 30 ന് കേസിന്റെ കുറ്റപത്രം സമർപ്പിക്കാനും കോടതി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കേസിൽ പ്രധാന സാക്ഷികളെയുൾപ്പെടെ ചോദ്യം ചെയ്യാൻ ഉണ്ടെന്നും, തെളിവുകൾ ശേഖരിക്കാനുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

നേരത്തെ സമയം നീട്ടി നൽകണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം അന്വേഷണം അട്ടിമറിക്കാൻ പ്രതിസ്ഥാനത്തുള്ള നടനും സർക്കാരും ചേർന്ന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.