കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യരുടെ ഉറക്കം നഷ്ടമാവും; ഞെട്ടിപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്

0
66

മനുഷ്യൻറെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം. വൺ എർത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യത്തെപ്പറ്റി സൂചിപ്പിക്കുന്നത്. 2099 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം മൂലം ഒരു വ്യക്‌തിക്ക് 50 മുതൽ 58 മണിക്കൂർ വരെ ഉറക്കം പ്രതിവർഷം നഷ്‌ടപ്പെടുമെന്നാണ് ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്.

ചൂടുള്ള രാത്രികളിൽ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമ്പോൾ ഉറക്കത്തിൻറെ ദൈർഘ്യത്തിൽ ഏകദേശം 14 മിനിറ്റിലധികം കുറവ് വരുന്നതായും, താപനില ഉയരുന്നതനുസരിച്ച് ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങാനുള്ള സാധ്യത വർധിക്കുന്നതായും പഠനത്തിൽ കണ്ടെത്തി. 68 രാജ്യങ്ങളിലായി 47,000ത്തിലധികം ആളുകളിൽ ഉറക്കമളക്കുന്ന റിസ്റ്റ് ബാൻഡുകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അൻറാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലാണ് പഠനം നടത്തിയത്.

ആരോഗ്യകരമായ ഉറക്കത്തെ ചൂടുള്ള താപനില നശിപ്പിച്ചേക്കാമെന്നാണ് പഠനത്തിൽ തെളിഞ്ഞതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കെൽട്ടൺ മൈനർ പറഞ്ഞു. എന്നാൽ സാധാരണ ജീവിതചര്യകളിൽ ചൂടുള്ള സാഹചര്യങ്ങളേക്കാൾ തണുത്ത അന്തരീക്ഷവുമായി മനുഷ്യർ പെട്ടന്ന് പൊരുത്തപ്പെടുന്നുവെന്നും മൈനർ വ്യക്‌തമാക്കുന്നു.