അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു

0
85

തിരുവനന്തപുരം: സംസ്ഥാനത്ത് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു. നിലവിലുള്ള 299 രൂപ 311 രൂപയാക്കിയാണ് വ‌ർധിപ്പിച്ചത്. ഇതിന് ഏപ്രിൽ ഒന്നുമുതലുള്ള മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിലാളികളെ മാലിന്യ സംസ്കരണ മേഖലയിലും വിനിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. 2016ൽ 229 രൂപയായിരുന്ന വേതനം, 2020ൽ 299 രൂപയാക്കി വർധിപ്പിച്ചിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ്, നഗര തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
എന്താണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി?
നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന, അവിദഗ്‍ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള ഓരോ കുടുംബത്തിലെയും പ്രാ യപൂർത്തിയായ അംഗങ്ങള്‍ക്ക്, ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസം തൊഴിൽ. അതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുക. ഇതാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഏറ്റെടുത്തു നടപ്പിലാക്കാവുന്ന എല്ലാ പ്രവൃത്തികളും ഏറ്റെടുക്കാൻ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് അനുവാദം നൽകിയിട്ടുണ്ട്.   നഗരങ്ങളിലെ മാലിന്യ സംസ്കരണവും അനുവദനീയമായ പ്രവൃത്തിയാണ്. കൂടാതെ 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ രണ്ടു കന്നുകാലികളില്‍ കൂടുതലുള്ള, അവശത അനുഭവിക്കുന്ന വിഭാഗത്തില്‍പ്പെടുന്ന ക്ഷീരകര്‍ഷകരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പരമാവധി 100 ദിവസത്തെ വേതനം അയ്യങ്കാളി നഗര തൊഴിലുറപ്പ് ഫണ്ടില്‍ നിന്ന് ഇവർക്ക് നല്‍കുന്നുണ്ട്.