ഐശ്വര്യാ റായിയുടെ ആദ്യ മോഡലിംഗ് കോൺട്രാക്ട് പുറത്ത്; ആദ്യ തുകയുടെ വിശദാംശങ്ങളും ചർച്ചയാകുന്നു

0
94

പുതിയ വാർത്തകളും വിവരങ്ങളും നൽകുക മാത്രമല്ല, ചിലപ്പോഴൊക്കെ ആർക്കുമറിയാത്ത പഴയ ചില വിവരങ്ങൾ കൂടി കണ്ടെത്തിയെടുക്കാൻ മിടുക്കനാണ് സോഷ്യൽ മീഡിയ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബോളിവുഡും കടന്ന് അന്താരാഷ്ട്ര താരമായി വളർന്ന ഐശ്വര്യ റായിക്ക് ലഭിച്ച ആദ്യ മോഡലിംഗ് കോൺട്രാക്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

1992 ലാണ് ഐശ്വര്യ റായിക്ക് ആദ്യ മോഡലിംഗ് കോൺട്രാക്ട് ലഭിക്കുന്നത്. ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഷൂട്ടായിരുന്നു അത്. 1994ൽ താരത്തിന് മിസ് വേൾഡ് പട്ടം ലഭിക്കുന്നതിനും മുൻപേ ആയിരുന്നു ഇത്. 1,500 രൂപയാണ് താരത്തിന് അന്ന് പ്രതിഭലമായി ലഭിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ശമ്പളത്തെ കുറിച്ചുള്ള ചർച്ച സജീവമായി.

‘1992ൽ എന്റെ അച്ഛന് പ്രതിമാസം 8000 രൂപയായിരുന്നു ശമ്പളം. ആ തുക കൊണ്ടാണ് അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബം മുന്നോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ 18 കാരിയായ യുവതിക്ക് ഒരു ദിവസം ലഭിക്കുന്ന ഈ തുക വളരെ വലുതാണ്’- ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചതിങ്ങനെ. ‘ഒരു മാസം എന്റെ അച്ഛന് ലഭിച്ച ശമ്പളം ഇതായിരുന്നു’- മറ്റൊരു ഉപയോക്താവ് കുറിച്ചു. കോൺട്രാക്ട് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിമൽ ഉപധ്യായ എന്ന ഫോട്ടോഗ്രാഫർ എടുത്ത താരത്തിന്റെ പഴയകാല ചിത്രങ്ങളും വൈറലായി.