കുരങ്ങുപനി; അതീവജാഗ്രത പുലർത്തണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

0
82

ഡൽഹി: കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യുഎഇ, ചെക് റിപബ്ലിക് തുടങ്ങിയ ഇടങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. ആഫ്രിക്കയിൽ നിന്ന് എത്തിയ യുവതിക്കാണ് യുഎഇയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്. പരിശോധിക്കുന്നതിൽ മൂന്നിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നതായി ചെക് റിപബ്ലിക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് അധികൃതർ അറിയിച്ചിരുന്നു.

19 രാജ്യങ്ങളിലായി 237 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം കൊറോണ പടർന്ന് പിടിച്ചതു പോലെ കുരങ്ങുപനി പടർന്നു പിടിക്കാൻ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. എന്നാൽ അസാധാരണ സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും വ്യാപനത്തെക്കുറിച്ച് പഠിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

രോഗത്തിനെതിരെ കർശന ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത സമ്പർക്കം വഴി രോഗം പകരാനുള്ള സാധ്യതയുമുണ്ട്. വസൂരിയെ നേരിടാൻ ഉപയോഗിക്കുന്ന വാക്‌സിൻ തന്നെയാണ് നിലവിൽ കുരങ്ങുപനിക്കും നൽകുന്നത്. ഇത് 85 ശതമാനം ഫലപ്രദമാണ്. എങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് വാക്‌സിൻ നൽകുന്നത്.