വിസ്മയ കേസ്; കിരണ്‍ കുമാറിന്റെ ശിക്ഷാവിധി അല്പസമയത്തിനകം

0
48

കൊല്ലം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവ് കിരണ്‍ കുമാറിന്‍റെ ശിക്ഷാ വിധി അല്പസമയത്തിനകം . കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച കിരണ്‍ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു.

ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തല്‍. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി കണ്ടെത്തി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ളയും തമ്മില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക.

ജീവപര്യന്തം ശിക്ഷ നല്‍കണം എന്നാവും പ്രോസിക്യൂഷന്‍ വാദം. പ്രായം പരി​ഗണിച്ച്‌ ശിക്ഷ പരമാവധി കുറച്ച്‌ നല്‍കണം എന്നാണ് പ്രതിഭാഗം വാദിക്കുക. 498 എ ഗാര്‍ഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 അത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ 3, 4 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. ജാമ്യം റദാക്കിയതിനെ തുടര്‍ന്ന് കൊല്ലം സബ് ജയിലില്‍ കഴിയുന്ന കിരണ്‍ കുമാറിനെ കോടതിയില്‍ എത്തിക്കും.