വിസ്മയ കേസിലെ കോടതിവിധി സമൂഹത്തിനുള്ള മുന്നറിയിപ്പാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

0
88

തിരുവനന്തപുരം: വിസ്മയ കേസിലെ കോടതിവിധി സമൂഹത്തിനുള്ള മുന്നറിയിപ്പാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. എല്ലാ കുറ്റങ്ങളിലും ശിക്ഷ ഉറപ്പാക്കി എന്നത് മാതൃകാപരമാണ്. വിവാഹ കമ്പോളത്തില്‍ സ്ത്രീകളെ വില്‍പനച്ചരക്കായി കാണുന്നവര്‍ക്കുള്ള താക്കീതാണ് വിധിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കിരണ്‍ കുമാറിന് പരാമവധി ശിക്ഷ കിട്ടണമെന്ന് കേരളമൊട്ടാകെ ആഗ്രഹിച്ചിരുന്നു. അതേതീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. വിവാഹ കമ്പോളത്തിലെ വില്‍പന ചരക്ക് മാത്രമാണ് സ്ത്രീയെന്ന കാഴ്ചപ്പാട് മാറ്റിയെടുക്കുന്നതിന് തുടക്കംകുറിക്കലാണ് ഇത്. സ്ത്രീധനം ആഗ്രഹിച്ച് വിവാഹം നടത്താന്‍ പോകുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ വിധിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭര്‍ത്തൃപീഡനംമൂലം വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവാണ് കോടതി വിധിച്ചത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐപിസി 498 എ പ്രകാരം രണ്ടുവര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.