നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബുവിന്‍റെ അറസ്റ്റ് ഉടനില്ല

0
29

കൊച്ചി;നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബുവിന്‍റെ അറസ്റ്റ് ഉടനില്ല. ദുബായിലുള്ള പ്രതിയെ നാട്ടിലെത്തിക്കുന്നതില്‍ അവ്യക്ത തുടരുന്നതിനാല്‍ ഇന്‍റര്‍പോള്‍ വഴി റെ‍ഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് ശ്രമം.എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് തീരുമാനം അറിഞ്ഞ ശേഷം തിരിച്ചെത്തിയാല്‍ മതിയെന്നാണ് വിജയ് ബാബുവിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.ഹൈക്കോടതിയില്‍ നിന്നേറ്റ പ്രഹരത്തിന് പിന്നാലെ വിജയ് ബാബു നാട്ടിലെത്തി കീഴടങ്ങുമെന്നായിരുന്നു കൊച്ചി പൊലീസിന്‍റെ കണക്കുകൂട്ടല്‍.എന്നാല്‍ അതിനായി ഒരു നടപടികളും വിജയ് ബാബു ഇത് വരെയും തുടങ്ങിയിട്ടില്ല.
നിലവില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ എമിഗ്രേഷന്‍ വിഭാഗം പ്രതിയെ തടഞ്ഞ് വെച്ച്‌ അറസ്റ്റ് ചെയ്യും. അതിനാല്‍ ദുബായില്‍ കഴിയുന്ന വിജയ് ബാബു അറസ്റ്റ് ഒഴിവാക്കാനുള്ള പരമാവധി ശ്രമങ്ങള്‍ തുടരുകയാണ്. തിരിച്ചെത്താനുളള ടിക്കറ്റടക്കമുളള യാത്രാരേഖകള്‍ ഹാജരാക്കിയശേഷം മുന്‍കൂര്‍ ജാമ്യം പരിഗണിക്കാമെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.ഈ പിടിവള്ളിയിലാണ് പ്രതിഭാഗത്തിന്‍റെ പ്രതീക്ഷ. യാത്രാ രേഖകള്‍ പരമാവധി വേഗത്തില്‍ ഹാജരാക്കി ഹര്‍ജി വ്യാഴാഴ്ച കോടതിക്ക് മുന്‍പാകെ കൊണ്ടുവരാനാണ് നീക്കം. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമാകും വരെ വിജയ് ബാബു ദുബായില്‍ തന്നെ തുടരും.പാസ്പോര്‍ട് റദ്ദാക്കിയതിനാല്‍ പ്രത്യേക യാത്രരേഖകള്‍ തയാറാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുമെന്ന്
കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടില്ല. ഇന്‍റര്‍ പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍
ആലോചന ഉണ്ടെങ്കിലും ഹൈക്കോടതി പരിഗണനയിലുള്ള കേസ് ആയതിനാല്‍ കരുതലെടുത്താകും ഇക്കാര്യത്തിലും പൊലീസ് തീരുമാനം .