വിസ്‍മയ കേസ് അന്വേഷണ സംഘത്തിന് പാരിതോഷികം

0
118

കൊല്ലം: വിസ്‍മയ കേസ്  (Vismaya Case)അന്വേഷണ സംഘത്തിന്  പാരിതോഷികം നല്‍കുമെന്ന് എഡിജിപി വിജയ് സാക്കറേ. ഐജിയുടെ നേത്യത്വത്തിൽ അന്വേഷണ സംഘം നടത്തിയത് മികച്ച പ്രവർത്തനമാണ്. ഇതിനെക്കാള്‍ വലിയ വിധി പ്രതീക്ഷിച്ചിരുന്നെന്നും വിജയ് സാക്കറേ പറഞ്ഞു. സ്ത്രീ പീഡനക്കേസുകളില്‍ ഐജി  റാങ്കിലുളള ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും. സീറോ ടോളറന്‍സ് എന്നതാണ് സർക്കാരിന്‍റെ നിർദ്ദേശമെന്നും വിജയ് സാക്കറേ പറഞ്ഞു. നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് (Kiran Kumar) 10 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത് . മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷ. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.
കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.  
കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം റദ്ദാക്കി ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കിരണ്‍ കുറ്റക്കാരനാണെന്ന വിധി  ഇന്നലെ  പുറപ്പെടുവിച്ചത്. കിരണിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (B),ഗാർഹിക പീഡനത്തിനെതിരായ 498 (A),ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്.