എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കും

0
88

എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികള്‍ ഈ വര്‍ഷത്തെ ദീപാവലിയോടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യത. 10 മുതല്‍ 12 ശതമാനം വരെ വര്‍ധനവുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഈ മൂന്ന് കമ്പനികളും കഴിഞ്ഞ നവംബറില്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.
നിരക്ക് വര്‍ധനയിലൂടെ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം എയര്‍ടെലിന് 200 രൂപയും ജിയോയ്ക്ക് 185 രൂപയും വോഡഫോണ്‍ ഐഡിയയ്ക്ക് 135 രൂപയും ആയി വര്‍ധിക്കുമെന്ന് വില്യം ഓ നീല്‍ ആന്റ് കോ എന്ന യുഎസ് ഇക്വിറ്റി റിസര്‍ച്ച് സ്ഥാപനത്തിന്റെ ഇന്ത്യന്‍ യൂണിറ്റിലെ ഇക്വിറ്റി റിസര്‍ച്ച് മേധാവി മയൂരേഷ് ജോഷിയെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു.
വോഡഫോണ്‍ ഐഡിയയുടെ 2ജി ഉപഭോക്താക്കള്‍ക്ക് വലിയ ബാധ്യതയാണ് പുതിയ നിരക്ക് വര്‍ധനവ് സൃഷ്ടിക്കുക. ഉപഭോക്താക്കളെ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ശ്രമവും പുതിയ താരിഫ് പ്ലാനുകളിലുണ്ടാവും.
കഴിഞ്ഞ നവംബറില്‍ 20 മുതല്‍ 25 ശതമാനം വരെയാണ് നിരക്കുവര്‍ധനവുണ്ടായത്. അതുവരെ കുറഞ്ഞ നിരക്കില്‍ ലഭ്യമായിരുന്ന പല പ്ലാനുകളുടേയും നിരക്കുകളില്‍ വലിയ വര്‍ധനവാണ് അന്നുണ്ടായത്.