പരാതി അന്വേഷിക്കാനായി ഫോണില്‍ വിളിച്ച വനിതാപോലീസിനോട് അസഭ്യംപറഞ്ഞ യുവാവ് അറസ്റ്റില്‍

0
63

സുല്‍ത്താന്‍ബത്തേരി: പരാതി അന്വേഷിക്കാനായി ഫോണില്‍ വിളിച്ച വനിതാപോലീസിനോട് അസഭ്യംപറഞ്ഞ യുവാവിനെ ബത്തേരി പോലീസ് അറസ്റ്റ്‌ചെയ്തു.
ചങ്ങനാശ്ശേരി പാതിരാപുരം മുളക്കല്‍ വീട്ടില്‍ നവാസ് (33) ആണ് അറസ്റ്റിലായത്. ഇയാള്‍ ആളുകളുടെ മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ചശേഷം ആ ഫോണുപയോഗിച്ച് സ്ത്രീകളെ നിരന്തരം വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും പോലീസുകാരനെന്ന വ്യാജേനയാണ് ഇയാള്‍ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നതെന്നും ബത്തേരി പോലീസ് പറഞ്ഞു. കോട്ടയത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
ബത്തേരി പോലീസ് സ്റ്റേഷനില്‍ ലഭിച്ച മുഹമ്മദ് അസ്‌ലത്തിന്റെ പരാതിയിലെ അന്വേഷണത്തിനിടെയാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
മുഹമ്മദ് അസ്‌ലത്തെ പോലീസാണെന്ന് പരിചയപ്പെടുത്തി നവാസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഈ പരാതി അന്വേഷിക്കുന്നതിനായി സ്റ്റേഷനില്‍നിന്ന് വനിതാപോലീസ് നവാസിനെ ഫോണില്‍ വിളിച്ചപ്പോഴാണ്, പോലീസാണെന്ന് അറിഞ്ഞിട്ടും അസഭ്യം പറഞ്ഞത്. കോട്ടയം, പാല, ചിങ്ങവനം, വിയ്യൂര്‍, ബത്തേരി എന്നിവിടങ്ങളില്‍ ഇയാളുടെപേരില്‍ കേസുകള്‍ നിലവിലുണ്ട്.