രണ്ടരമാസം മുന്‍പ് പോലീസിനെയും നാട്ടുകാരെയും വെട്ടിച്ച് കാടുകയറിയ കവര്‍ച്ചക്കേസ് പ്രതി എറണാകുളത്ത് പിടിയില്‍

0
64

കാഞ്ഞങ്ങാട്: രണ്ടരമാസം മുന്‍പ് പോലീസിനെയും നാട്ടുകാരെയും വെട്ടിച്ച് കാടുകയറിയ കവര്‍ച്ചക്കേസ് പ്രതി എറണാകുളത്ത് പിടിയില്‍. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കറുകവളപ്പില്‍ അശോകനെ (32) ആണ് എറണാകുളം സിറ്റി പോലീസ് പിടിച്ചത്.
കാഞ്ഞിരപ്പൊയിലിലെ ഒരുസംഘം യുവാക്കള്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി കൊച്ചി മറൈന്‍ ഡ്രൈവിലെത്തിയപ്പോഴാണ് ഇയാളെ കണ്ടത്. മറ്റു രണ്ടുപേര്‍ക്കൊപ്പം മറൈന്‍ ഡ്രൈവിലെ ഒരു കടയില്‍നിന്ന് അശോകന്‍ ചായ കുടിക്കുന്നത് കണ്ട ഇവര്‍ ഫോട്ടോയെടുത്ത് നാട്ടുകാര്‍ക്ക് അയച്ച് ഉറപ്പുവരുത്തി. നാട്ടുകാര്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.ക്കും അദ്ദേഹം എറണാകുളം പോലീസിനും വിവരം കൈമാറി. അതിനിടെ അശോകനെ കണ്ട ചെറുപ്പക്കാര്‍ ഇയാളെ പിന്തുടര്‍ന്നു. ചായക്കടയില്‍നിന്ന് നേരെ തൊട്ടടുത്ത മൊബൈല്‍ കടയിലേക്കാണ് പോയത്. അവിടെ മൊബൈല്‍ഫോണ്‍ വില്‍ക്കുകയായിരുന്നു അശോകനും സംഘവും. പോലീസെത്തി കടയുടമയില്‍നിന്ന് അശോകന്റെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ചുവരുത്തി.
മാര്‍ച്ച് ഒന്‍പതിന് കാഞ്ഞിരപ്പൊയിലിലെ വീട്ടമ്മ ബിജിതയെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നശേഷം സമീപത്തെ കാട്ടിലൊളിക്കുകയായിരുന്നു അശോകന്‍. വന്‍ പോലീസ് സന്നാഹം ഇയാളെ തിരഞ്ഞ് കാട്ടില്‍ കയറി. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചും നാട്ടുകാരുടെ സഹായത്താലും ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. 250-ലേറെ ഏക്കര്‍ വിസ്തൃതിയുള്ള കാട്ടിലാണ് ഇയാള്‍ ഒളിച്ചത്. ദിവസങ്ങളോളം നാട്ടുകാരും പോലീസും ഉറക്കമൊഴിഞ്ഞ് കാട്ടിനകത്തും പുറത്തും തിരച്ചില്‍ നടത്തിയിരുന്നു.
ഈ സംഭവത്തിനു മുന്‍പ് മറ്റൊരു വീട്ടില്‍നിന്ന് ലക്ഷം രൂപയുടെ സ്വര്‍ണവും മൊബൈല്‍ഫോണും മോഷ്ടിച്ച കേസിലും അശോകന്‍ പ്രതിയാണ്. ഈ കേസില്‍ പോലീസ് തിരയുന്നതിനിടെ കൂട്ടുപ്രതിയായ മഞ്ജുനാഥിനൊപ്പം അശോകന്‍ കാട്ടിലേക്കു കടന്നു. ഒരുമാസം കാട്ടിലായിരുന്നു ഇയാളുടെ താമസം. അതിനിടെ നാട്ടുകാര്‍ സംഘടിച്ച് മഞ്ജുനാഥിനെ പിടിച്ചു. എന്നാല്‍ അശോകനെ കിട്ടിയില്ല.