വിസ്മയ കേസ്; കിരൺ കുമാറിനുള്ള ശിക്ഷാവിധി ഇന്ന്

0
90

കൊല്ലം: ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഏഴു വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തൽ. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. രാവിലെ 11 മണിയോടെ കേസിൽ വാദം തുടങ്ങും.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കിരണിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. തുടർന്ന് ഇന്നലെ തന്നെ ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു. നാല് മാസത്തോളം നീണ്ട വിചാരണയ്‌ക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു.

ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഭർത്താവ് കിരൺ കുമാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21ന് വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.