വിജയ് ബാബുവിനെ കുടുക്കിയത് സിനിമ ലോബിയെന്ന പരാതിയിൽ അന്വേഷണം; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0
92

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചാണ് ഇന്ന് വാദം കേൾക്കുക.

കേസെടുത്തതിന് പിന്നാലെ വിജയ് ബാബു ഒളിവിൽ പോയിരുന്നു. പ്രതിയെ രാജ്യത്തെത്തിക്കാൻ എംബസി മുഖേന നടത്തുന്ന ശ്രമങ്ങൾ സർക്കാർ, കോടതിയെ അറിയിക്കും. അതേസമയം നടനെ കുടുക്കിയത് മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലോബിയാണെന്ന പ്രതിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിൽ വിജയ്ബാബു എത്തിയതിനു ശേഷം മലയാള സിനിമ രംഗത്തു വലിയ സ്വാധീനമുള്ള നടനു വിജയ് ബാബുവിനോട് വ്യക്തിവിരോധമുണ്ടെന്ന ആരോപണമാണ് ബന്ധുക്കൾ ഉയർത്തുന്നത്.എന്നാൽ പീഡനക്കേസ് പരാതിയിൽ സിനിമാരംഗത്തെ ലോബിക്കുള്ള പങ്കിനെപ്പറ്റി വ്യക്തമായ തെളിവോ മൊഴിയോ നൽകാൻ വിജയ് ബാബുവിനോ ബന്ധുക്കൾക്കോ സാധിച്ചിട്ടില്ല.