‘എന്റെ കേരളം മെഗാ മേള’ക്ക് 27ന് തുടക്കം; അനന്തപുരിയെ കാത്തിരിക്കുന്നത് വിസ്മയരാവുകള്‍

0
201

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെ കനകക്കുന്നില്‍ നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 27 വൈകുന്നേരം അഞ്ചിന് നിശാഗന്ധിയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയാകും.

സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദര്‍ശന സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, സേവന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ പ്രശസ്തരായ കലാകാരന്മാര്‍ നയിക്കുന്ന കലാപരിപാടികള്‍ എന്നിവയാണ് മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച സ്റ്റാളുകളില്‍ ഒരുങ്ങുന്ന മേളയിലേക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേള.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന നൂറോളം എക്സിബിഷന്‍ സ്റ്റാളുകളാണ് മേളയുടെ പ്രധാന ആകര്‍ഷണം. ജില്ലയിലെ ചെറുകിട സംരഭകരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ കഴിയുന്ന നൂറ്റമ്പതോളം വിപണന സ്റ്റാളുകളും സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായും വേഗത്തിലും ലഭ്യമാക്കുന്ന പതിനഞ്ച് വകുപ്പുകളുടെ ഇരുപതോളം സേവന സ്റ്റാളുകളും മേളയിലുണ്ടാകും. കുടുംബശ്രീ, പട്ടിക വര്‍ഗ വകുപ്പ്, ജയില്‍ വകുപ്പ്, മില്‍മ, ഫിഷറീസ് വകുപ്പ്,കെ ടി ഡി സി, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ തുടങ്ങിയവര്‍ ഒരുക്കുന്ന അതിവിപുലമായ ഫുഡ് കോര്‍ട്ടാണ് മറ്റൊരു ആകര്‍ഷണം. ഗോപി സുന്ദര്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും മെഗാ മേളയ്ക്ക് കൊഴുപ്പേകും. മേളയുടെ ജില്ലാതല ഉദ്ഘാടന സമ്മേളനത്തിന് ശേഷം നിശാഗന്ധിയില്‍ യുവാക്കളുടെ ഹരമായ ഊരാളി ബാന്‍ഡ് പാട്ടും പറച്ചിലുമായി എത്തും.