വിലവര്‍ധനയില്‍ നട്ടംതിരിയുന്ന ജനത്തിന് ഇടിത്തീയായി പച്ചക്കറി വിപണിയിലെ വിലക്കയറ്റം

0
55

തിരുവനന്തപുരം: വിലവര്‍ധനയില്‍ നട്ടംതിരിയുന്ന ജനത്തിന് ഇടിത്തീയായി പച്ചക്കറി വിപണിയിലെ വിലക്കയറ്റം. തക്കാളി, ബീന്‍സ്, മുരിങ്ങക്കായ എന്നിവയുടെ വില കേട്ടാല്‍ തന്നെ വയറു നിറയും.

ഒരു കിലോഗ്രാം തക്കാളിക്ക് 100-120 രൂപ വരെയാണ് ചില്ലറ വില. ഒരാഴ്ച മുന്‍പു 40 രൂപയായിരുന്നു. ബീന്‍സിന് ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയായി. ഇന്നലെ 100 രൂപയായിരുന്നു വില. മുരിങ്ങക്കായ വില 120 രൂപയില്‍ എത്തിനില്‍ക്കുകയാണ്. പയര്‍ കിലോ ഗ്രാമിന് 80 രൂപ, വഴുതനങ്ങ 50 രൂപ എന്നീ നിരക്കിലാണ് വില്‍പന.

മറ്റ് പച്ചക്കറികള്‍ക്ക് വിലയില്‍ കാര്യമായ മാറ്റമില്ലെങ്കിലും അടുത്ത ദിവസങ്ങളില്‍ ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. പലയിടങ്ങളിലും പച്ചക്കറികള്‍ക്ക് അഞ്ച് മുതല്‍ 20 രൂപ വരെ വിലയില്‍ വ്യത്യാസമുണ്ട്. ഒരു സ്ഥലത്ത് തന്നെ പല കടകളിലും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്.

അയല്‍ സംസ്ഥാനങ്ങളിലെ കൃഷി മഴയില്‍ നശിച്ചതാണ് നിലവിലെ വിലക്കയറ്റത്തിനുള്ള കാരണം. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കാലം തെറ്റി പെയ്ത മഴ കൃഷി നശിപ്പിച്ചത്. തക്കാളി, പയര്‍, ബീന്‍സ് തുടങ്ങിയ കൃഷികളെ വലിയ തോതില്‍ ബാധിച്ചു. ഇവ ഇപ്പോള്‍ ജില്ലയിലേക്ക് ആവശ്യത്തിന് ലഭിക്കുന്നില്ല. തോട്ടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ ലേലത്തിലെടുത്താണ് കേരളത്തിലേക്കെത്തിക്കുന്നത്. ലഭ്യത കുറവായതിനാല്‍ വലിയ തുകയ്ക്കാണ് ലേലത്തിനു പോകുന്നത്.

വില ഉയര്‍ന്നതോടെ വില്‍പന ഗണ്യമായി കുറഞ്ഞതായും കച്ചവടക്കാര്‍ പറയുന്നു. വിലവര്‍ധന ഹോട്ടലുടമകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൊവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് പതിയെ കരകയറുന്നതിനിടെയാണ് പച്ചക്കറി വില കുതിച്ചുയരുന്നത്. സ്‌കൂള്‍ തുറക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടായ വിലക്കയറ്റം സാധാരണ കുടുംബങ്ങളെ സാരമായി ബാധിക്കും. വിലക്കയറ്റം തടയാന്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.

മഴ കാരണം പച്ചക്കറി കൃഷി നശിച്ചതിനാല്‍ ഹോര്‍ട്ടികോര്‍പ് സ്ഥാപനങ്ങളിലും ആവശ്യത്തിനു പച്ചക്കറികള്‍ ലഭ്യമല്ല. കുമ്ബളം, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ കര്‍ഷകരുടെ പക്കല്‍ നിന്നു ലഭിക്കുന്നുണ്ട്. മറ്റുള്ളവ കരാറുകാരുടെ പക്കല്‍ നിന്നും മറ്റു ജില്ലകളിലെ ഹോര്‍ട്ടികോര്‍പ് സ്ഥാപനങ്ങളില്‍ നിന്ന് എത്തിക്കുന്നു.

തക്കാളി വില ജില്ലയില്‍ വീണ്ടും സെഞ്ചുറി കടന്നു. ഏപ്രില്‍ ഒന്നിന് 30 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കിലോ തക്കാളിക്ക് ഇന്നത്തെ വില 120 ആണ്. കഴിഞ്ഞ ആഴ്ച 60 -65 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയായി. ഇതേ വിലയില്‍ ലഭിച്ചിരുന്ന ബീന്‍സിന് 85 രൂപ. പയറിന്റെ വില 75-80. പടവലങ്ങ, വെണ്ടയ്ക്ക, പാവയ്ക്ക എന്നിവയ്ക്കു 20-30 രൂപയുടെ വര്‍ധനയാണ് ഒരാഴ്ചയില്‍ വന്നത്.

അതേസമയം 25 കിലോയുടെ ഒരു പെട്ടി തക്കാളി എടുത്താല്‍ അതില്‍ മൂന്ന് കിലോ എങ്കിലും ചീത്തയായിരിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. തക്കാളിക്ക് കേട് സംഭവിക്കുന്നത് ജില്ലയിലെത്താന്‍ കൂടുതല്‍ ദിവസം എടുക്കുന്നതിനാലാണെന്ന് തമിഴ്നാട് മേട്ടുപ്പാളയത്തെ മൊത്തവ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്രയിലെ നിന്നാണ് ഇപ്പോള്‍ പച്ചക്കറികള്‍ എത്തുന്നത്. സാധാരണ എടുക്കുന്നതിലും 2 ദിവസം കൂടുതല്‍ വേണം ജില്ലയില്‍ ഇവ എത്താന്‍. ഇതും വിലക്കയറ്റത്തിന് കാരണമാണ്.