രക്ഷാദൗത്യം ഫലം കണ്ടില്ല; കുഴൽകിണറിൽ വീണ ആറ് വയസുകാരൻ ഋതിക് റോഷൻ മരിച്ചു

0
73

ചണ്ഡീഗഡ് : തെരുവ് നായ്‌ക്കളിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ കുഴൽകിണറിൽ വീണ ആറ് വയസുകാരൻ മരിച്ചു. പഞ്ചാബിലെ ഹോഷിയാർപൂരിൽ ഗദ്രിവാല ഗ്രാമത്തിലാണ് അപകടം നടന്നത്. 300 അടി താഴ്ചയുള്ള കുഴൽകിണറിലാണ് കുട്ടി വീണത്. ഒൻപത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചു.

ജെസിബി ഉപയോഗിച്ച് കുഴൽക്കിണറിന് സമാന്തരമായി ടണൽ നിർമിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനില വിഷളാകാതിരിക്കാൻ കിണറിനുള്ളിലേക്ക് ഓക്‌സിജനും എത്തിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ ജീവനോടെ പുറത്തെടുത്തു. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻ ഹോഷിയാപൂരിലുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും ഋതിക് റോഷൻ മരിക്കുകയായിരുന്നു.

രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ്‌ക്കളിൽ നിന്ന് രക്ഷനേടാൻ വേണ്ടി ഓടുന്നതിനിടെയാണ് കുട്ടി കിണറിൽ വീണത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി. സൈന്യത്തിന്റെ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടന്നത്. കുഴൽക്കിണറിന്റെ 65 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത് എന്നാണ് റിപ്പോർട്ട്. ഒന്നര മണിക്കൂർ കൊണ്ട് 15 അടി കുഴിയെടുക്കാനേ യന്ത്രത്തിന് കഴിഞ്ഞുള്ളൂ. ഇതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു എന്നാണ് വിലയിരുത്തൽ.