വിവാഹ പന്തലിൽവെച്ച് വരന്റെ വിഗ്ഗ് ഊരിപ്പോയി; അമ്പരന്ന് വധു; വിവാഹത്തിൽ നിന്നും പിന്മാറി

0
65

ലക്‌നൗ: വരന് മുടിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ വിവാഹത്തിൽ നിന്നും പിന്മാറി വധു. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. താലികെട്ടിന് തൊട്ടുമുൻപാണ് വരന് മുടിയില്ലെന്ന് വധുവും വീട്ടുകാരും അറിഞ്ഞത്. വിവാഹ പന്തലിലേക്ക് സുഹൃത്തുക്കളുമൊത്ത് വരുന്നതിനിടെ വരൻ ബോധരഹിതനായി വീണു.

ഇതോടെയാണ് സത്യാവസ്ഥ പുറത്തറിഞ്ഞത്. വരൻ പെണ്ണ് കാണാനും, നിശ്ചയത്തിനുമെല്ലാം എത്തിയത് വിഗ്ഗ് ധരിച്ചുകൊണ്ടായിരുന്നു. എന്നാൽ ഇക്കാര്യം വധുവിനോടോ, വധുവിന്റെ വീട്ടുകാരോടോ വരൻ വെളിപ്പെടുത്തിയിരുന്നില്ല. വിവാഹ തിയതി അടുത്തപ്പോഴും ഇക്കാര്യം വെളിപ്പെടുത്താൻ വരൻ തയ്യാറായിരുന്നില്ല. വരൻ സ്റ്റേജിൽ വീണതോടെ തലയിലെ വിഗ്ഗ് ഊരി വീണു. ഇതോടെയാണ് മുടിയില്ലാത്ത വരന്റെ തല എല്ലാവരും കണ്ടത്.

ഇത് കണ്ടതോടെ തനിക്ക് വിവാഹം വേണ്ടെന്ന് യുവതി പറയുകയായിരുന്നു. സ്വന്തം വീട്ടുകാരും വരന്റെ വീട്ടുകാരും യുവതിയെ പറഞ്ഞ് സമ്മതിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ വിഷയം പോലീസ് സ്റ്റേഷനും കയറി. വിവാഹത്തിനായി ആറ് ലക്ഷം രൂപയോളം ചിലവാക്കിയെന്നും, അതിനാൽ ഇതിൽ നിന്നും പിന്മാറാൻ കഴിയില്ലെന്നുമായിരുന്നു വരന്റെ വീട്ടുകാർ അറിയിച്ചത്. തുടർന്ന് ഈ തുക തിരിച്ച് നൽകി വധുവിന്റെ വീട്ടുകാർ പ്രശ്‌നം പരിഹരിച്ചു.