തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വൈറൽ പനിയും ഗുരുതര വയറിളക്ക രോഗങ്ങളും വ്യാപിക്കാനാണ് സാധ്യത. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും കൊതുക് നിർമാർജനവും നടത്താത്തതാണ് തിരിച്ചടിയായെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
ഈ മാസം ഇതുവരെ 113 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 77 പേർക്ക് എലിപ്പനിയും ബാധിച്ചു. 72621 പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. ഗുരുതര വയറിളക്ക രോഗങ്ങൾ കണ്ടെത്തിയത് 26282 പേരിൽ. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പകർച്ചവ്യാധി രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും കൊതുക് നിർമാർജനവും നടത്താത്തതാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയായിരിക്കുന്നത്. കാലവർഷത്തിന് മുൻപ് തന്നെ തുടർച്ചയായ മഴ പെയ്തതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടില്ലെന്നാണ് ഇതിൽ അധികൃതരുടെ വിശദീകരണം. വെള്ളക്കെട്ടുകൾ രൂപപ്പെട്ട ഇടങ്ങളിൽ കൊതുക് നിർമ്മാർജനം നടത്തണമെന്ന നിർദ്ദേശം അതാത് ജില്ലകൾക്ക് ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷവും കൊറോണ ബാധിതരുടെ എണ്ണമായിരുന്നു വർദ്ധിച്ചതെങ്കിൽ ഇത്തവണ വൈറൽ പനി ബാധിതരുടെ എണ്ണമാണ് ഉയരുക. അതിനാൽ ആവശ്യമായ മരുന്നുകൾ സംഭരിക്കാനുള്ള നിർദേശം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുൾപ്പടെ നൽകിയിട്ടുണ്ട്. വരുന്ന നാല് മാസം പകർച്ചവ്യാധികൾക്കെതിരേ അതീവ ജാഗ്രത പുലർത്തമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.