അസം മുഖ്യമന്ത്രിയ്‌ക്ക് അശ്ലീല ഇ മെയിൽ സന്ദേശം; കോളേജ് അദ്ധ്യാപകൻ അറസ്റ്റിൽ

0
81

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയ്‌ക്ക് ഇ-മെയിൽ വഴി അശ്ലീല സന്ദേശം അയച്ച കോളേജ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്. ശ്രീകൃഷ്ണ ശാരദ കോളേജിലെ ഫിലോസഫി അദ്ധ്യാപകൻ ജോമിർ അഹമ്മദ് ചൗധരിയാണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ ജാമ്യത്തിൽവിട്ടു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാല് പേജോളം വരുന്ന ഇ മെയിൽ സന്ദേശം ആണ് ഇയാൾ മുഖ്യമന്ത്രിയുടെ ഇ- മെയിലിലേക്ക് അയച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വളരെ മോശമാണെന്നായിരുന്നു സന്ദേശത്തിലെ പ്രധാന ആരോപണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗണേശോത്സവം സംഘടിപ്പിക്കുന്നതിനെതിരെയും പരാമർശങ്ങളുണ്ട്. ഇതിന് പുറമേ മുഖ്യമന്ത്രിയ്‌ക്കെതിരെ മോശം വാക്കുകളും സന്ദേശത്തിലുണ്ട്.

സംഭവത്തിൽ ഹെയ്‌ലക്കണ്ടി പോലീസ് ആണ് കേസ് എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയാണ് ജാമ്യം നൽകിയത്. അസം വിദ്യാഭ്യാസമന്ത്രി രനോജ് പിഗുവിനും സമാനമായ ശബ്ദസന്ദേശം അയച്ചിട്ടുണ്ടെന്നാണ് വിവരം.