സാധാരണക്കാര്‍ക്ക് ആശ്വാസം; പുതുക്കിയ ഇന്ധനവില ഇന്നുമുതല്‍ പ്രാബല്യത്തില്‍

0
61

തിരുവനന്തപുരം: പുതുക്കിയ ഇന്ധനവില ഇന്നുമുതല്‍ പ്രാബല്യത്തില്‍. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തും ആനുപാതികമായി ഇന്ധനവില കുറയും. സംസ്ഥാനത്തെ പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.30 രൂപയുമാണ് കുറയുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറയും.

കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാജ്യത്ത് ഇന്ധനവില കുറച്ചത്. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. പണപ്പെരുപ്പം രൂക്ഷമായതിന്റെ ഭാഗമായാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഇന്ധനവില വര്‍ധനവ് മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. പാല്‍, പച്ചക്കറി തുടങ്ങിയവയുടെ വില ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ധനവില കുറയ്ക്കുന്നത്.

പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും പ്രഖ്യാപിച്ചിരുന്നു. വര്‍ഷം 12 സിലിണ്ടറുകള്‍ക്കാണ് സബ്‌സിഡി പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് അര്‍ത്ഥരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കള്‍ക്കുള്ള കസ്റ്റംസ് തീരുവയിലും കുറവുവരും. സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കുള്ള ഇറക്കുമതി തീരുവയും കുറയുമെന്നാണ് അറിയുന്നത്.