നടിയെ ആക്രമിച്ച കേസ്: നിലപാട് മാറ്റി അന്വേഷണ സംഘം; കാവ്യ മാധവന്‍ പ്രതിയാകില്ല

0
55

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനും അഭിഭാഷകനും പ്രതിയായേക്കില്ല. കേസ് ഇനിയും നീട്ടിക്കൊണ്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. മെയ് 31ന് തന്നെ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. കാവ്യയ്ക്കും ദിലീപിന്റെ അഭിഭാഷകര്‍ക്കുമെതിരെ തെളിവില്ലെന്നാണ് വിശദീകരണം.

കേസില്‍ ഇനി കൂടുതല്‍ പ്രതികളുണ്ടാകില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയതായാണ് സൂചന. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് മാത്രമാകും തുടരന്വേഷണത്തില്‍ കേസിലെ പ്രതി. കൂടുതല്‍ ചോദ്യം ചെയ്യലില്ലാതെയാണ് അന്വേഷണസംഘം ഈ തീരുമാനത്തിലെത്തിയതെന്നതും ശ്രദ്ധേയമാണ്.

അഭിഭാഷകരെ പ്രതികളാക്കുമെന്ന് അന്വേഷണസംഘം തന്നെയാണ് മുന്‍പ് അറിയിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് അന്വേഷണ സംഘം ഈ ഘട്ടത്തില്‍ സ്വീകരിക്കുന്നത്. അന്വേഷണസംഘത്തിന്റെ നിലപാട് മാറ്റത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല.