മദ്യപിച്ച് അവശനായ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു; പോലീസ് സ്‌റ്റേഷന് തീയിട്ട് മതമൗലികവാദികൾ

0
73

ഗുവാഹത്തി: അസമിൽ പോലീസ് സ്‌റ്റേഷന് തീയിട്ട് മതമൗലികവാദികൾ. പോലീസ് കസ്റ്റഡിയിൽ എടുത്ത മുസ്ലീം യുവാവ് മരിച്ചതിന് പിന്നാലെയാണ് സ്‌റ്റേഷന് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയത്. പോലീസുകാർ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് എന്നാണ് ഇവരുടെ ആരോപണം.

അസമിലെ നാഗാവ് ജില്ലയിലായിരുന്നു സംഭവം. ഇന്നലെ വൈകീട്ടാണ് അക്രമികൾ സ്റ്റേഷന് തീയിട്ടത്. വെളളിയാഴ്ച രാത്രി ബട്ടദ്രാവ പോലീസ് സലനിബാരി സ്വദേശിയായ സഫിഖുൾ ഇസ്ലാമിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെയോടെ ഇയാൾ മരിക്കുകയായിരുന്നു. പ്രദേശത്ത് ഒരാൾ മദ്യപിച്ച് വഴിയിൽ കിടക്കുന്നതായി നാട്ടുകാരിൽ ചിലർ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയപ്പോഴായിരുന്നു ഇസ്ലാമിനെ കണ്ടത്. തുടർന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇതിന് പിന്നാലെ ഇയാൾക്ക് ഭക്ഷണം നൽകി. ഇതിന് പിന്നാലെ ഇസ്ലാമിന്റെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ ഒരു സംഘം ആളുകൾ പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചെത്തി. തുടർന്ന് സ്‌റ്റേഷന് മുൻപിൽ പോലീസുകാരുമായി പ്രശ്‌നം ഉണ്ടാക്കിയ ഇവർ ആക്രമണം ആരംഭിക്കുകയായിരുന്നു. സ്റ്റേഷന് മുൻപിൽ നിർത്തിയിട്ട വാഹനങ്ങൾ ഇവർ കത്തിച്ചു. പോലീസുകാരെ മർദ്ദിച്ച് പരിക്കേൽപ്പിച്ചു. പോലീസ് സ്‌റ്റേഷനുള്ളിൽ അതിക്രമിച്ച് കയറി ഫയലുകളും തോക്കുകളും നശിപ്പിക്കുകയും ചെയ്തു. അക്രമികളെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ പോലീസുകാർ ഒരുപാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ നിരവധി പേർ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.