മലപ്പുറത്തുനിന്ന് മക്കയിലേക്ക് നടന്ന് പോകാനൊരുങ്ങി 29കാരന്‍, ലക്ഷ്യം

0
119

കോട്ടയ്ക്കല്‍: മാതാവ് സൈനബയോടാണ് ശിഹാബ് ആദ്യം ആഗ്രഹം പറഞ്ഞത്: ‘എനിക്ക് നടന്നുപോയിത്തന്നെ ഹജ്ജ് ചെയ്യണം’. ‘പടച്ച തമ്പുരാനേ, മക്കവരെ നടക്കാനോ?, സൈനബ കേട്ടപാട് അമ്പരന്നെങ്കിലും അടുത്ത നിമിഷം ‘ഓക്കെ’യായി: ‘മോന്‍ പൊയ്‌ക്കോ’. ഭാര്യ ഷബ്‌നയും അതു ശരിവെച്ചു. അങ്ങനെയാണ് വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ ശിഹാബ് (29)കാല്‍നടയായി ഹജ്ജിനുപോകാന്‍ തീരുമാനിച്ചത്. ഇവിടെനിന്ന് മക്കയിലേക്ക് 8640 കിലോമീറ്ററുണ്ട്.
അന്നുമുതല്‍ ഒന്‍പതു മാസമായി ശിഹാബ് യാത്രയുടെ ആസൂത്രണത്തില്‍തന്നെയായിരുന്നു.വാഗാ അതിര്‍ത്തി വഴി പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാന്‍ വഴി തയ്യാറാക്കി. ബെംഗളൂരുവിലുള്ള ഹസീബ് വഴി അഞ്ച് രാജ്യങ്ങളുടെയും വിസ ശരിയാക്കി. 280 ദിവസം വരുന്ന കാല്‍നടയാത്ര ജൂണ്‍ രണ്ടിന് തുടങ്ങും.
‘പാകിസ്താനിലേക്ക് വിസ കിട്ടാനായിരുന്നു വലിയ ബുദ്ധിമുട്ട്’ ശിഹാബ് പറഞ്ഞു. രേഖകള്‍ ശരിയാക്കാന്‍ റംസാന്‍കാലത്തുള്‍പ്പെടെ 40ലേറെ ദിവസങ്ങള്‍ ജ്യേഷ്ഠന്‍ അബ്ദുള്‍ മനാഫിനൊപ്പം ഡല്‍ഹിയില്‍ തങ്ങി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെയും കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ.യുടെയും സഹായം കിട്ടി. പ്രവാസി സംഘടനയായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററും(കെ.എം.സി.സി.) സഹായിച്ചു. ആദ്യമായാണ് രാജ്യത്തുനിന്നൊരാള്‍ ഇങ്ങനെയൊരു യാത്രയ്ക്കായി ബന്ധപ്പെടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ വരെ നടക്കാനാകുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഒരു വര്‍ഷത്തേക്കാണ് വിസ. കാലാവധി നീട്ടാം. എട്ടു മാസംകൊണ്ട് യാത്ര പൂര്‍ത്തിയാക്കാനാണ് പ്ലാന്‍. സൗദിയില്‍ചെന്നശേഷം 2023ലെ ഹജ്ജിന് അപേക്ഷിക്കും.
‘നടന്നുപോയി ഹജ്ജുചെയ്യുക ചെറിയപ്രായംമുതലുള്ള ആഗ്രഹാണ്’ ശിഹാബ് പറഞ്ഞു. പ്ലസ്ടു, അക്കൗണ്ടന്‍സി കോഴ്‌സുകള്‍ കഴിഞ്ഞശേഷം സൗദിയില്‍ ആറു വര്‍ഷം ജോലി ചെയ്തു ശിഹാബ്. അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല.
ഭാരങ്ങളില്ലാത്ത യാത്ര
പത്തു കിലോ മാത്രം ഭാരംവരുന്ന സാധനങ്ങളാണ് യാത്രയില്‍ കൂട്ട്. നാലു സെറ്റ് കനം കുറഞ്ഞ വസ്ത്രങ്ങള്‍, സ്ലീപ്പിങ് ബാഗ്, കുട തുടങ്ങി അത്യാവശ്യസാധനങ്ങള്‍മാത്രം. ഭക്ഷണത്തിനും അന്തിയുറക്കത്തിനും ആരാധനാലയങ്ങളെയും മറ്റും ആശ്രയിക്കും