ഹൈദരബാദിൽ വീണ്ടും ദുരഭിമാനക്കൊല; 22-കാരനെ നടുറോഡിൽ കുത്തിക്കൊന്ന് ഭാര്യവീട്ടുകാർ; പ്രണയവിവാഹം നടന്നത് ഒരു വർഷം മുമ്പ്

0
94

ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും ദുരഭിമാനക്കൊല റിപ്പോർട്ട് ചെയ്തു. നടുറോഡിൽ പൊതുജനത്തിന്റെ മുന്നിലിട്ടാണ് 22-കാരനെ കുത്തിക്കൊലപ്പെടുത്തിയത്. ഹൈദരാബാദിലെ ബീഗം ബസാറിലുള്ള ഫിഷ് മാർക്കറ്റിന് സമീപമാണ് സംഭവം. മാർക്കറ്റിലെ വ്യാപാരികളും നാട്ടുകാരും നോക്കിനിൽക്കെയായിരുന്നു കൊലപാതകം നടന്നത്.
നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്.

നീരജ് പൻവാർ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ബീഗം ബസാറിലെ തൊഴിലാളിയായിരുന്നു നീരജ്. ഒരു വർഷം മുമ്പാണ് നീരജിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചായരുന്നു ഇരുവരുടെയും പ്രണയ വിവാഹം. ഇരുപതോളം തവണ നീരജിനെ കുത്തിപ്പരിക്കേൽപ്പിച്ചുവെന്നാണ് വിവരം. തലയിലും നെഞ്ചിലുമായിരുന്നു കുത്തേറ്റത്. നീരജിനെ ഉടൻ തന്നെ ഒസ്മാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നിൽ നീരജിന്റെ ഭാര്യ വീട്ടുകാരാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും നാളുകൾക്ക് മുമ്പാണ് ഹൈദരാബാദിൽ മറ്റൊരു ദുരഭിമാനക്കൊല നടന്നത്. മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെയാണ് പെൺവീട്ടുകാർ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ ചേർന്നായിരുന്നു കൊലപാതകം നടത്തിയത്. നടുറോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.