കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍

0
91

മുക്കം: കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാബു പൊലുകുന്നത്താണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തില്‍വെച്ച് ബാബു മുക്കം പോലീസിന്റെ പിടിയിലായത്. മുക്കം ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, ഷിബില്‍ ജോസഫ്, അബ്ദുല്‍ റഷീദ് ഹോം ഗാര്‍ഡ് ഷൈജു എന്നിവരടങ്ങിയ സംഘമാണ് ബാബുവിനെ പിടികൂടിയത്. വൈകുന്നേരത്തോടെ മുക്കത്തെത്തിക്കുമെന്നാണ് വിവരം.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്ത പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ബാബു പോവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് എത്തി പരിശോധന നടത്തിയിരുന്നു. ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെ മുന്‍ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയില്‍ മോഹന്‍ദാസ് (57) വ്യാഴാഴ്ച ജീവനൊടാക്കിയതോടെയാണ് കേസ് വീണ്ടും സജീവമായത്.
ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണുമ്മല്‍, ബാബു പൊലുകുന്നത്ത്, കൊടിയത്തൂര്‍ സ്വദേശികളായ മാട്ടുമുറിക്കല്‍ സന്തോഷ് കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവര്‍ ചേര്‍ന്നാണ് ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയില്‍ നിന്ന് 24.6 ലക്ഷം രൂപ തട്ടിയത്. ഈ ബാങ്കിലെ അപ്രൈസറായിരുന്നു മോഹന്‍ ദാസ്. കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയില്‍ നിന്നും അഗസ്ത്യന്‍മുഴിയിലെ കാര്‍ഷിക – ഗ്രാമവികസന ബാങ്ക് ശാഖയില്‍ നിന്നുമായി 32 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയത്.
പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കുന്നതിനിടെ സന്തോഷ് കുമാറിനെയും വിഷ്ണുവിനെയും പന്തീരാങ്കാവ് പോലീസ് പിടികൂടിയിരുന്നു. കേസില്‍ ഉള്‍പ്പെട്ടവര്‍ കേരള ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂര്‍ ശാഖയിലും സ്വര്‍ണ്ണം പണയം വെച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഒന്‍പത് കവറുകളിലേത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയിരുന്നു.