ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി വണ്ണം കുറയ്ക്കാം; ഇതാ ഏതാനും വഴികൾ

0
92

ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി സൗന്ദര്യം നിലനിർത്താൻ സർജറികൾ ചെയ്യുന്നവരുണ്ട്. എന്നാൽ ശസ്‌ത്രക്രിയ ചെയ്യുന്നതിനുപകരം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫലപ്രദമായി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും. എല്ലാദിവസവും പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമം ചെയ്താൽ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സാധിക്കും. പുഷ്‌ അപ്, പുൾ അപ്, നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങളാണ് കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും നല്ലത്.

അരിയാഹാരം, പിസ, ബ്രഡ്, കേക്ക് തുടങ്ങിയവ പരമാവധി ഒഴിവാക്കി ഗോതമ്പ്, ബാർലി, ഓട്‌സ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഹൃദയം, ശ്വാസകോശം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന വ്യായാമങ്ങൾ ശീലമാക്കണം. നടത്തം, ഓട്ടം, സൈക്ലിങ്, നീന്തൽ എന്നിവ ഏറ്റവും നല്ല വ്യായാമങ്ങളാണ്. മിതമായ തോതിൽ ഉയർന്ന പ്രോട്ടീനുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ അമിതവണ്ണം കുറയ്ക്കുന്നതിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സീഫുഡ്, മാംസം, ബീൻസ്, പാൽ, തൈര്, മുട്ട എന്നിവ മിതമായ തോതിൽ കഴിക്കണം.

മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. പഞ്ചസാരയും മധുരവും ഉൾപ്പെട്ട പാനീയങ്ങളിൽ ഉയർന്ന കലോറിയാണുള്ളത്. ഇതിൽ പോഷകമൂല്യവും കുറവാണ്. മദ്യത്തിലും ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും തടി കൂടാൻ കാരണമാവുകയും ചെയ്യും. കൃത്യമായ ഉറക്കം മനസിന്റെയും ശരീരത്തിന്റെയും ആരോ​ഗ്യത്തിന് ഏറെ പ്രധാനമാണ്. കഫീൻ അടങ്ങിയ പാനീയങ്ങൾ വൈകിട്ട് കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. ഉറങ്ങുന്നതിന് മുൻപായി മൊബൈൽ ഫോൺ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കണം.