മദ്യപാനം ചോദ്യം ചെയ്തു; പെൺമക്കളെ തലയ്‌ക്കടിച്ച് കൊന്ന് പിതാവ്

0
87

ചെന്നൈ: തമിഴ്‌നാട്ടിൽ മദ്യപാനം എതിർത്ത പെൺമക്കളെ തലയ്‌ക്കടിച്ച് കൊന്ന് പിതാവ്. കാഞ്ചീപുരം സ്വദേശിനികളായ നന്ദിനി, ദീപ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പിതാവ് ഗോവിന്ദരാജ് അറസ്റ്റിലായിട്ടുണ്ട്.

മദ്യപിച്ച് ഗോവിന്ദരാജ് ഭാര്യയെയും മക്കളെയും ഉപദ്രവിക്കുക പതിവാണ്. ഭാര്യ ജോലിയ്‌ക്ക് പോയ സമയം മദ്യപിച്ച് വീട്ടിലെത്തിയ ഗോവിന്ദരാജ് ബഹളം ഉണ്ടാക്കാൻ ആരംഭിച്ചു. ഇതോടെയാണ് പെൺകുട്ടികൾ മദ്യപാനം ചോദ്യം ചെയ്തത്. ഇതിൽ പ്രകോപിതനായ ഇയാൾ മരത്തടിയെടുത്ത് പെൺകുട്ടികളുടെ തലയടിച്ച് തകർക്കുകയായിരുന്നു.

ബഹളം കേട്ട് വീട്ടിൽ എത്തിയ പ്രദേശവാസികൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുട്ടികളെയാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവശേഷം ഗോവിന്ദരാജ് ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. തുടർന്ന് നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

കൊല്ലപ്പെട്ട നന്ദി പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദീപ. ഗോവിന്ദരാജിന്റെ ഉപദ്രവം സഹിക്കാനാകാതെ ഇയാളുടെ മറ്റൊരു മകൾ കഴിഞ്ഞ മാസം ജീവനൊടുക്കിയിരുന്നു.